മംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ നിന്നു തുറമുഖ നഗരമായ മംഗ്‌ളൂരുവിലേയ്ക്ക് എം ഡി എം എ കടത്തിയ കേസില്‍ കാസര്‍കോട്, ഉപ്പള സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. മംഗ്‌ളൂരു ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഉപ്പള, ഗേറ്റിലെ മുഹമ്മദ് റമീസ് (24), ഷിറിയ, റഷീദ് മന്‍സിലിലെ മൊയ്തീന്‍ റഷീദ് (24), ഉപ്പള, മുളിഞ്ച പത്തോടിയിലെ അബ്ദുല്‍ റൗഫ് (35), ബംഗ്‌ളൂരു മടിവാളയിലെ സബിത എന്ന ചിഞ്ചു (25), സുഡാന്‍ സ്വദേശി ലുവല്‍ ഡാനിയേല്‍ ജസ്റ്റിന്‍ ബൗലോ എന്ന ഡാനി (25) എന്നിവരെയാണ് ജഡ്ജി ബസവരാജ് ശിക്ഷിച്ചത്. മുഹമ്മദ് റമീസിനെ 14 വര്‍ഷം കഠിനതടവിനും 1.45 ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. അബ്ദുല്‍ റൗഫിനു 13 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയും സബിതയ്ക്കും മൊയ്തീന്‍ റഷീദിനും ലുവല്‍ ഡാനിയേലിനും 12 വര്‍ഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് സ്വദേശികളെ എം ഡി എം എയുമായി അറസ്റ്റിലായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സബിതയും ഡാനിയേലും പൊലീസിന്റെ പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഡാനിയേല്‍.







