പനാജി: നോർത്ത് ഗോവയിലെ പ്രമുഖ നൈറ്റ് ക്ലബിൽ ഉണ്ടായ ഭയാനകമായ തീപിടിത്തത്തിൽ 23 പേർ വെന്തുമരിച്ചു. ശനിയാഴ്ച അർദ്ധരാത്രിക്കു ശേഷമാണ് തീപിടിത്തമുണ്ടായത്. ടൂറിസ്റ്റുകളും സ്ത്രീകളും പാചകത്തൊഴിലാളികളുമാണ് മരിച്ചത്. ക്ലബ്ബിലെ പാചകപ്പുരയിൽ പാചകവാതകം പൊട്ടിത്തെറിച്ചാണ് ദാരുണ അപകടം. സംഭവമറിഞ്ഞുടനെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്ഥലത്തെത്തി. ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് മുതദ്ദേഹങ്ങൾ പുറത്തെടുത്തത്. വിനോദസഞ്ചാര സീസൺ സജീവമായതോടെ ഉണ്ടായ തീപിടിത്തവും വൻ ദുരന്തവും ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. ക്ലബ് നടത്തിപ്പുകാർക്കും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താതെ ക്ലബ്ബിനു പ്രവർത്തനാനുമതി നൽകിയ ജീവനക്കാർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി മുന്നറിയിച്ചു. പനാജിയിൽ നിന്നു 25 കിലോമീറ്റർ അകലെയുള്ള ബിർച്ച് റോമിയോ ലൈനിലെ അർകപാറ ക്ലബിലാണു നാടിനെ നടുക്കിയ അപകടമുണ്ടായത്. ഈ ക്ലബിലെ പാചകപ്പുരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. കഴിഞ്ഞ വർഷമാണ് ഈ ക്ലബ് പ്രവർത്തനമാരംഭിച്ചത്.








