വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷമുള്ള ആഘോഷപരിപാടിക്കിടെ ജയ്‌സ്വാള്‍ നല്‍കിയ കേക്ക് ആസ്വദിച്ച് കഴിച്ച് കോഹ്ലി. എന്നാല്‍ തടിവെക്കുമെന്ന് പറഞ്ഞ് കഴിക്കാതെ ഒഴിഞ്ഞുമാറി രോഹിത് ശര്‍മ.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ടീം ഹോട്ടലില്‍ പരമ്പരയ്ക്ക് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടെ, യശസ്വി ജയ്സ്വാളിനോട് ഹോട്ടല്‍ ജീവനക്കാര്‍ ഒരുക്കിയ കേക്ക് മുറിക്കാന്‍ കോഹ്ലി ആവശ്യപ്പെട്ടപ്പോള്‍ സന്തോഷകരമായ നിമിഷമാണ് അവിടെ അരങ്ങേറിയത്.
ആഘോഷങ്ങള്‍ക്കിടയില്‍, കര്‍ശനമായ ഭക്ഷണക്രമം പാലിക്കുന്ന വിരാട് കോഹ്ലി, ഏകദിന അസൈന്‍മെന്റില്‍ ടീമിന്റെ വിജയം ആഘോഷിക്കാനായി യശസ്വി ജയ്‌സ്വാള്‍ നല്‍കിയ കേക്ക് കഴിച്ചു. സാധാരണ മധുരം ഒഴിവാക്കാറുള്ള കോഹ്ലി ഇത്തവണ പക്ഷേ അതു ചെയ്തില്ല. ആസ്വദിച്ചു കഴിച്ചു. കേക്ക് മുറിച്ച ശേഷം, ജയ്സ്വാള്‍ രോഹിത് ശര്‍മ്മയ്ക്കും ഒരു കഷണം നല്‍കി. എന്നാല്‍ അത് അദ്ദേഹം കഴിക്കാന്‍ വിസമ്മതിച്ച് മുറിയിലേക്ക് പോവുകയായിരുന്നു. ‘ഞാന്‍ വീണ്ടും തടി വയ്ക്കും’ എന്നു പറഞ്ഞായിരുന്നു രോഹിത് സ്ഥലം വിട്ടത്.
ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. വീഗന്‍ ഡയറ്റും ഭക്ഷണ നിയന്ത്രണവും കടുത്ത പരിശീലനവുമൊക്കെയാണ് വിരാടിന്റെ ദിനചര്യയിലുള്ളത്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ചെങ്കിലും കോലി ഇപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുണ്ട്. ഏകദിന ഫോര്‍മാറ്റിലെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും കോഹ്ലി സെഞ്ചറി നേടിയിരുന്നു.
വിരാട് കോഹ്ലിക്കൊപ്പം ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, അവധിക്കാലത്ത് ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മുന്‍പ് ഭാരക്കൂടുതലിന്റെ പേരില്‍ താരം വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. പരിശീലകനായ അഭിഷേക് നായര്‍ക്ക് കീഴിലായിരുന്നു രോഹിതിന്റെ പരിശീലനം.
പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കിയ രോഹിത് പത്തു കിലോയിലേറെ ശരീര ഭാരം കുറച്ചിരുന്നു. അതിനു ശേഷമായിരുന്നു താരം ഏകദിന ക്രിക്കറ്റിലേക്കു തിരിച്ചുവന്നത്. ഇന്ത്യന്‍ ടീമില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴും ഫിറ്റ് നസിന്റെ കാര്യത്തില്‍ രോഹിത് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചറി നേടിയിരുന്നു. 73 പന്തുകള്‍ നേരിട്ട രോഹിത് 75 റണ്‍സടിച്ച് 20,000 അന്താരാഷ്ട്ര റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു.
ഈ വര്‍ഷം ഒക്ടോബറില്‍, ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുമ്പ്, രോഹിത് ശര്‍മ്മ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ആരാധകര്‍ അത്ഭുതപ്പെട്ടിരുന്നു. മുംബൈ ബാറ്റ്സ്മാന്റെ പുതിയ മെലിഞ്ഞ രൂപം കണ്ടാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഞെട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവശ്യകതയും 2027 ലെ ഐസിസി ലോകകപ്പിനായുള്ള ഇന്ത്യയുടെ അഭിലാഷങ്ങളും കണക്കിലെടുക്കുമ്പോള്‍ രോഹിത്തിന്റെ ഫിറ്റ്നസ് വളരെക്കാലമായി ചര്‍ച്ചാ വിഷയമാണ്.
അടുത്തിടെ രോഹിത് ശര്‍മ്മയുടെ ശരീരഭാരത്തെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റ് രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. രോഹിത് ശര്‍മ്മയെക്കുറിച്ചുള്ള ഷമ മുഹമ്മദിന്റെ ‘തടിയന്‍’ എന്ന അപമാനമാണ് വിവാദമായത്. ഭരണകക്ഷിയായ ബിജെപി പ്രതിപക്ഷ പാര്‍ട്ടിയുടെ വിമര്‍ശനത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവര്‍ക്കൊപ്പം രോഹിത് ശര്‍മ്മയും 20,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടി, ആഗോളതലത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന 14-ാമത്തെ കളിക്കാരനായി. 504 മത്സരങ്ങളില്‍ നിന്ന് 538 ഇന്നിംഗ്സുകളില്‍ നിന്നായി 20,048 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ 420 മത്സരങ്ങളില്‍ നിന്ന് 20,014 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡാണ് മറികടന്നത്.







