കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വിരുതന്‍ അറസ്റ്റില്‍. പറശിനിക്കടവ് കുഴിച്ചാല്‍ മണലേല്‍ ഹൗസില്‍ ബോബി എം. സെബാസ്റ്റ്യ (53)നെയാണ് ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ധര്‍മ്മശാലയില്‍ വച്ചാണ് പിടികൂടിയത്.
വൃക്കരോഗിക്ക് കിഡ്‌നി മാറ്റിവെക്കാന്‍ ധനസഹായം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്താറുള്ളത്. മന്ത്രി റിയാസിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശ്രീഹരി എന്നയാളുടെ വൃക്ക മാറ്റിവെക്കുന്നതിന് ധനസഹായം ആവശ്യപ്പെട്ട് കണ്ണൂരിലെ സ്‌കൈ പാലസ് ഹോട്ടല്‍ ഉടമയെ ബന്ധപ്പെടുകയായിരുന്നു. അര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഹോട്ടല്‍ ഉടമ വിവരം ഹോട്ടല്‍ മാനേജര്‍ നീലേശ്വരത്തെ എന്‍. രാഗേഷിനെ വിളിച്ച് 10,000രൂപ നല്‍കാന്‍ നിര്‍ദേശിച്ചു. ഇത് അനുസരിച്ച് വെളളിയാഴ്ച വൈകുന്നേരം നാലേ കാൽ മണിയോടെ ബോബി സ്‌കൈ പാലസ് ഹോട്ടലിൽ എത്തി. ശ്രീഹരി
എന്നയാളുടെ ചികിത്സക്ക് ധനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് തയ്യാറാക്കിയ നോട്ടീസും പണം അയക്കാനുള്ള ഒരു അക്കൗണ്ട് നമ്പറും ബോബിയുടെ കൈവശമുണ്ടായിരുന്നു. നോട്ടീസിൽ സംശയം തോന്നിയ രാഗേഷ് മന്ത്രി റിയാസിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഇങ്ങനെയൊരു സ്റ്റാഫ് മന്ത്രിയുടെ ഓഫീസില്‍ ഇല്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ടൗണ്‍ പൊലീസില്‍ പരാതി നൽകി. ഇതിനിടയിൽ അപകടം മണത്തറിഞ്ഞ തട്ടിപ്പുകാരന്‍ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിറകില്‍ ബോബിയാണെന്ന് കണ്ടെത്തിയത്.
സമാനമായരീതിയില്‍ ജില്ലയില്‍ നാലോളം തട്ടിപ്പ് ഇയാള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ സാറ ഗ്രാനൈറ്റില്‍ നിന്ന് 25,000രൂപ തട്ടിയെടുത്തിരുന്നുവത്രെ. ചെമ്പേരിയില്‍ നിന്നും ഇയാള്‍ പണം കൈക്കലാക്കിയതായി സൂചന ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ മറ്റ് എവിടെനിന്നൊക്കെ ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ട് എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു .







