കാസര്‍കോട്: ഉപ്പളയില്‍ വനിതാ ബി എല്‍ ഒയെ തടഞ്ഞു നിര്‍ത്തുകയും എസ് ഐ ആര്‍ വിവരങ്ങള്‍ ഫോണിലേയ്ക്ക് പകര്‍ത്തി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടതായും പരാതി. സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ ഉപ്പള, മണിമുണ്ടയിലെ ഇ എസ് അമിതി (34)നെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ ഉപ്പള ബസ്സ്റ്റാന്റിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. ബി എല്‍ ഒ ആയ ബേക്കൂര്‍, കണ്ണാടിപ്പാറ, മാതൃനിലയത്തില്‍ എ സുഭാഷിണി (41)യാണ് പരാതിക്കാരി. എസ് ഐ ആര്‍ ഡാറ്റ കലക്ഷന്‍ നടത്തി മടങ്ങുകയായിരുന്നു പരാതിക്കാരി. ഇതിനിടയില്‍ അമിത് ബി എല്‍ ഒ ആയ സുഭാഷിണിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പരാതിക്കാരിയുടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ എടുത്ത് എസ് ഐ ആര്‍ ഡീറ്റേല്‍സിന്റെ ആപ്ലിക്കേഷന്‍ തുറന്നു കാണിക്കാന്‍ നിര്‍ബന്ധിക്കുകയും വിവരങ്ങള്‍ പ്രതിയുടെ ഫോണിലേയ്ക്ക് പകര്‍ത്തി മറ്റ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കേസില്‍ പറയുന്നു.
ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിര്‍ദ്ദേശ പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.







