പയ്യന്നൂര്‍: കുപ്രസിദ്ധ ക്ഷേത്ര ഭണ്ഡാര മോഷ്ടാവ് അറസ്റ്റില്‍. പരിയാരം സ്വദേശിയായ ജോഷിയെ ആണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടാളിയായ അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടേകാല്‍ മണിയോടെ തളിപ്പറമ്പ്, പുളിമ്പറമ്പ് തോട്ടാറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
ഭണ്ഡാരം തകര്‍ക്കുന്നതിന്റെ ശബ്ദം കേട്ട് സമീപത്തുള്ള ഫോറസ്റ്റ് ഓഫീസിലെ കാവല്‍ക്കാരന്‍ ഷാജിയാണ് സംഭവം ആദ്യം കണ്ടത്. ഇതിനിടയില്‍ രാത്രികാല ഓട്ടം കഴിഞ്ഞ് വെള്ളിക്കീല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കെ സഫ്‌വാന്‍ അതുവഴിയെത്തി. ഷാജി ഓട്ടോ റിക്ഷ നിര്‍ത്തിച്ച് ഡ്രൈവറോട് വിവരം പറഞ്ഞു. ഇരുവരും ക്ഷേത്രത്തിനു സമീപത്ത് എത്തിയതോടെ കവര്‍ച്ചക്കാര്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ ജോഷിയെ പിന്നീട് ക്ഷേത്ര പരിസരത്തു വച്ച് അറസ്റ്റു ചെയ്തുവെങ്കിലും അന്യസംസ്ഥാനക്കാരനെ കണ്ടെത്താനായില്ല. ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള ക്ഷേത്രമായതിനാല്‍ ഫോറസ്റ്റ് മുത്തപ്പന്‍ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.







