കാസർകോട്: തലപ്പാടി- ചെങ്കള റീച്ചിൽ ദേശീയപാതയുടെയും, സർവീസ് റോഡുകളുടെയും ജോലികൾ അന്തിമഘട്ടത്തിലെന്ന് നിർമ്മാണ കമ്പനി അധികൃതർ അവകാശപ്പെടുമ്പോഴും ചെങ്കളയിലെ സർവീസ് റോഡ് നിർമ്മാണം ഇപ്പോ ഴും പാതിവഴിയിൽ തന്നെ.
ചെങ്കള മുതൽ ചെർക്കളം വരെയുള്ള സർവ്വീസ് റോഡിന്റെ നിർമ്മാണമാണ് ഇഴഞ്ഞു നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഗതാഗതക്കുരുക്കും, കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടും തുടരുന്നു.
സർവീസ് റോഡ് നിർമ്മാണം പാതിവഴിയിലിരിക്കെ തന്നെ വീതി കുറഞ്ഞ റോഡിൽ ടുവേ സംവിധാനം ഏർപ്പെടുത്തിയത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഇരട്ട ദുരിതമായിട്ടുണ്ട്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ചെർക്കളം വരെയുള്ള സർവീസ് റോഡിൽ പലയിടങ്ങളിലും റോഡിന്റെ വീതി നാല് മീറ്ററാണ്.ഇതിൽ എങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വാഹനം കടന്നുപോകുമെന്ന ചോദ്യത്തിന് അധികൃതർക്ക് ചെവി പൊത്തിപ്പിടിച്ചിരിക്കുന്നു.. ഇതിനിടയിലാണ് സർവീസ് റോഡരികിൽ അനധികൃത വാഹന പാർക്കിങ്ങുകളും. എല്ലാംകൊണ്ടും വലിയ ഗതാഗത കുരുക്കാണ് സർവീസ് റോഡിൽ അനുഭവപ്പെടുന്നത്.







