കാസര്‍കോട്: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല ട്രന്റാണ് നിലനില്‍ക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ “തദ്ദേശകം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തേക്കാളും പ്രാദേശിക വിഷയങ്ങള്‍ക്കാണ് മുന്‍ഗണന. എന്നാലും ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു അനുകൂലമായ വിധിയെഴുത്തായിരിക്കും ഉണ്ടാവുക. രാഷ്ട്രീയത്തേക്കാളും ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളായിരിക്കും തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുക-കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് വളരെ മോശമാണ്. അതു കൊണ്ടാണ് കേരളം രാഷ്ട്രീയ മാറ്റത്തിന്റെ പാതയിലാണെന്നു പറയുന്നത്. ശബരിമല വിഷയം ജനങ്ങളുടെ ഹൃദയത്തിലേറ്റ മുറിവാണ്. ഒരിക്കലും സംഭവിക്കരുതെന്നു കരുതിയിരുന്ന കാര്യമാണ് ശബരിമലയില്‍ സംഭവിച്ചത്. ആ മുറിവ് ഉണങ്ങാന്‍ കാലം കുറേയെടുക്കും-പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍ എന്നിവരും സംബന്ധിച്ചു.







