പരിയാരം: ഭാര്യയുമായുള്ള തര്‍ക്കം നിലനില്‍ക്കെ അംഗന്‍വാടിയില്‍ നിന്ന് സ്വന്തം കുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ അംഗന്‍വാടി ഹെല്‍പ്പറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഏര്യം കണ്ണങ്കൈയിലെ പുരയിടത്തില്‍ ഹൗസില്‍ പി.എ നിയാസ് (29)നെയാണ് പരിയാരം എസ്.ഐ ഷാജിമോന്‍ അറസ്റ്റ് ചെയ്തത്. 2025 ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിയാസും ഭാര്യയും അകന്നാണ് ജീവിക്കുന്നത്. ഇവരുടെ കുട്ടി കണാരംവയലിലെ അംഗന്‍വാടിയിലാണ് പഠിക്കുന്നത്. അംഗന്‍വാടിയില്‍ വന്നാല്‍ കുട്ടിയെ കാണാനോ നിയാസിനൊപ്പം വിടാനോ പാടില്ലെന്ന് മാതാവ് പറഞ്ഞിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു മണിയോടെ കുട്ടികളെ ഉറങ്ങാനായി കിടത്തിയിരുന്നു. അംഗന്‍വാടി ഹെല്‍പ്പറായ പ്രമീള ക്ലീനിംഗ് ജോലി ചെയ്തുകൊണ്ടിരിക്കെ അകത്തുകടന്ന നിയാസ് കുട്ടിയെ എടുത്ത് പുറത്ത് കടക്കാന്‍ ശ്രമിച്ചു. അംഗന്‍വാടി ടീച്ചര്‍ തങ്കമണിയും പ്രമീളയും ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളിയിട്ട് കുട്ടിയുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നു. നിയാസിന്റെ കാറിന് പിന്നാലെ പ്രമീളയും തങ്കമണിയും കരഞ്ഞുകൊണ്ട് ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ കടയിലുണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കേസെടുത്തതിനെത്തുടര്‍ന്ന് എറണാകുളം ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന നിയാസ് നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.







