കേരള കേന്ദ്ര സര്‍വകലാശാലയില്‍ ‘ഏണ്‍ വൈല്‍ യു ലേണ്‍’ പദ്ധതിക്ക് തുടക്കം
പെരിയ: പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം നേടാന്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നു. സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ഉള്‍പ്പെടെ ഉപകാരപ്രദമായ ‘ഏണ്‍ വൈല്‍ യു ലേണ്‍’ പദ്ധതിക്ക് സര്‍വകലാശാലയില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികം നല്‍കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളില്‍ സാഹോദര്യ മനോഭാവവും ഉത്തരവാദിത്ത ബോധവും നേതൃഗുണവും വളര്‍ത്തിയെടുക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയുടെ ഭരണനിര്‍വ്വഹണത്തില്‍ വിദ്യാര്‍ത്ഥികളും ഭാഗഭാക്കാവുകയാണ്. വിദ്യാര്‍ത്ഥി ശാക്തീകരണമാണ് വികസിത് ഭാരതിന്റെ അടിസ്ഥാനം. സ്വയംപര്യാപ്തനായ വിദ്യാര്‍ത്ഥിയെന്നത് ആത്മനിര്‍ഭര്‍ ഭാരതിന്റെ സത്തയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . പദ്ധതി സര്‍വകലാശാലയിലുള്ള വിദ്യാര്‍ത്ഥികളുടെ എല്ലാ കഴിവുകള്‍ക്കും ഇടം നല്‍കുന്ന വേദിയായി മാറുമെന്നു അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ലൈബ്രറി കമ്മറ്റി ചെയര്‍മാന്‍ പ്രൊ. ഡെന്നീസ് തോമസ്, ലൈബ്രേറിയന്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. സെന്തില്‍ കുമാരന്‍, സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ അസിസ്റ്റന്റ് ഡീന്‍ ഡോ. എസ്. അന്‍ബഴഗി പ്രസംഗിച്ചു.







