കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നല്‍കി. അന്വേഷണത്തിന് അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയം വീണ്ടും നീട്ടി നല്‍കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്.ഐ.ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമുള്ള എസ്.ഐ.ടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒരു മാസം കൂടി സമയം നീട്ടിക്കൊടുത്തത്. സ്വര്‍ണക്കൊള്ള കേസിലെ എഫ്.ഐ.ആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കേണ്ടത്. സ്വര്‍ണകൊള്ളയില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇഡി രേഖകള്‍ ആവശ്യപ്പെട്ടത്.







