കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, പറയംപള്ളത്തെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ടുപേര്‍ അറസ്റ്റില്‍. പനയാല്‍, പാക്കം, വെളുത്തോളി ഹൗസിലെ കെ ശശിധരന്‍ (63), മുന്നാട്, കൊട്ടോടി, പുലിക്കോടന്‍ ഹൗസിലെ കെ വി കൃഷ്ണന്‍ (54) എന്നിവരെയാണ് ബേഡകം എസ് ഐ വി കുഞ്ഞികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പൂക്കുന്നത്ത് പാറ- പറയംപ്പള്ളം റോഡരുകിലെ കല്ലുവെട്ടു കുഴിയില്‍ കോഴി അങ്കം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് ബേഡകം പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ സ്ഥലത്തു ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും കൃഷ്ണനും ശശിധരനും പൊലീസിന്റെ പിടിയിലായി. അങ്കക്കോഴിയേയും 2080 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കത്തിനു കൊണ്ടുവന്ന മറ്റൊരു കോഴി ബഹളത്തിനിടയില്‍ സമീപത്തെ കാട്ടിലേയ്ക്ക് പറന്നു പോയതായി ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







