രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോടും മോശമായി പെരുമാറി; ഇക്കാര്യം ഷാഫിക്കും അറിയാമായിരുന്നുവെന്ന് എംഎ ഷഹനാസ്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എംഎ ഷഹനാസ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷഹനാസ്. ഇക്കാര്യം അന്ന് ഷാഫി പറമ്പില്‍ എംപിയെ അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. രാഹുലിനും ഷാഫി പറമ്പിലിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അവര്‍ നടത്തിയത്.

കര്‍ഷക സമരം നടക്കുന്ന സമയത്ത് ഡെല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചത്. ഡെല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉള്‍പ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. മാത്രമല്ല, സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഷഹനാസ് പറഞ്ഞു.

രാഹുലിന്റെ ഗാര്‍ഡിയനാണ് ഷാഫിയെന്നും അവര്‍ ആരോപിച്ചു. തന്നെയും എംകെ മുനീര്‍ എംഎല്‍എയും ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അപവാദപ്രചരണം നടത്തി. ഇതിന്റെ ശബ്ദരേഖ അടക്കം ഷാഫിക്ക് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നല്‍കി. എന്നാല്‍ തനിക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായതെന്നും ഷഹനാസ് ചൂണ്ടിക്കാട്ടി.

രാഹുലില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ നേരിട്ട് അറിയാം. ഇ ക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. ഷാഫി പറമ്പില്‍ അധ്യക്ഷനായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി.

പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. കോണ്‍ഗ്രസില്‍ ഇനിയും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കണം. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നത്. പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണെന്നും സ്ത്രീയെന്ന രീതിയില്‍ അന്ന് തന്റെ പരാതി പരിഗണിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കിയത് ഷാഫി പറമ്പിലിന്റെ നിര്‍ബന്ധപ്രകാരമാണെന്നും അവര്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത് ജെ.എസ് അഖിലിനെയായിരുന്നു. അത് തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ മെമ്പര്‍ഷിപ്പ് ചേര്‍ത്താണ് രാഹുല്‍ അധ്യക്ഷനായതെന്ന ആരോപണം ഉയര്‍ന്നത് സംഘടനയില്‍ നിന്ന് തന്നെയാണെന്നും ഷഹനാസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page