കാസര്‍കോട്: മൂന്നാംകടവ്- പെരിയ റോഡിലെ, മൂന്നാംകടവ് കയറ്റത്തില്‍ വീണ്ടും വാഹനാപകടം. സുള്ള്യയില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് തണ്ണിമത്തനുമായി പോവുകയായിരുന്ന പിക്കപ്പ് പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. വളവ് കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടയില്‍ പിക്കപ്പ് പിന്നോട്ട് നീങ്ങി വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും സമാന രീതിയില്‍ അപകടം ഉണ്ടായിരുന്നു. വളവും കയറ്റവുമാണ് തുടര്‍ച്ചയായുള്ള അപകടത്തിനു ഇടയാക്കുന്നതെന്നു പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അപകടം നടന്ന സ്ഥലത്ത് നേരത്തെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും നാട്ടുകാര്‍ പറഞ്ഞു. അപകടം ഒഴിവാക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.







