കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ സിരാകേന്ദ്രമായ താലൂക്ക് ഓഫീസിനടുത്തെ ട്രാഫിക് സര്‍ക്കിളിനു സമീപത്ത് സ്വകാര്യ ടെലഫോണ്‍ കമ്പനി നിര്‍മ്മിച്ച മാന്‍ ഹോളിന്റെ അടപ്പ്, നിര്‍മ്മാണത്തിനു തൊട്ടു പിന്നാലെ തകര്‍ന്നു. സ്ഥലത്ത് അപകടഭീഷണി ഉയര്‍ന്നതോടെ പൊലീസെത്തി ചെങ്കല്ലും മരത്തടിയും പ്ലാസ്റ്റിക് കയറും ഉപയോഗിച്ച് വേലിയൊരുക്കി. സബ്ജയില്‍, താലൂക്ക് ഓഫീസ്, സബ് ട്രഷറി, രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേയ്ക്കുള്ള ഗേറ്റിന്റെ സമീപത്തു കഴിഞ്ഞ ദിവസമാണ് ആറടി താഴ്ചയുള്ള മാന്‍ഹോള്‍ നിര്‍മ്മിച്ചത്. ഇതിന്റെ അടപ്പാണ് തിങ്കളാഴ്ചരാത്രി ഏതോ വാഹനം കടന്നു പോകുന്നതിനിടയില്‍ തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. മതിയായ രീതിയിലുള്ള കമ്പി ഉപയോഗിക്കാത്തതാണ് നിര്‍മ്മാണത്തിനു പിന്നാലെ സ്ലാബിന്റെ അടപ്പ് തകരാന്‍ ഇടയാക്കിയതെന്നു പറയുന്നു. അടപ്പ് തകര്‍ന്നതോടെ തിരക്കേറിയ ബാങ്ക് റോഡില്‍ അപകടഭീഷണി ഉയര്‍ന്നിട്ടുണ്ട്.







