കാസര്‍കോട്: ടൗണില്‍ തുടര്‍ച്ചയായി കവര്‍ച്ച നടത്തിയ 17 കാരന്‍ പിടിയില്‍. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനും ചന്തേര പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ കവര്‍ച്ചാ കേസുകളില്‍ പ്രതിയുമായ ആളാണ് പിടിയിലായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
നീലേശ്വരം, കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്‌സര ഫാന്‍സി, മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍, ഹണി ബേക്കറി, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറി കട എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും നടന്നത്.
കടകളുടെ പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട ഓട്ടോ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ഓട്ടോ ഡ്രൈവര്‍മാരെ കണ്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് മോഷ്ടാവിനെ പിടികൂടിയത്. ശ്രീലക്ഷ്മി കളക്ഷന്‍സില്‍ നിന്നു 5000 രൂപ വിലവരുന്ന വാച്ച്, തുണിത്തരങ്ങള്‍ എന്നിവയും മേശവലിപ്പില്‍ ഉണ്ടായിരുന്ന പണവുമാണ് മോഷണം പോയത്. പച്ചക്കറി കടയില്‍ നിന്നു മേശവലിപ്പില്‍ ഉണ്ടായിരുന്ന പണമാണ് മോഷണം പോയത്. അപ്‌സര ഫാന്‍സിയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചുവെങ്കിലും സെന്‍ട്രല്‍ ലോക്ക് ഉണ്ടായിരുന്നതിനാല്‍ അകത്തു കടക്കാനായില്ല.






