കാസര്‍കോട്:യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേസെടുത്തതോടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ കണ്ടെത്താന്‍ കാസര്‍കോട്ടും തെരച്ചില്‍. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കാസര്‍കോട്ടും തെരച്ചില്‍ ആരംഭിച്ചത്. രാഹുല്‍ എത്താന്‍ സാധ്യത ഉണ്ടെന്നു കരുതുന്ന കേന്ദ്രങ്ങള്‍ പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലാണ്. എന്നാല്‍ രാഹുല്‍ ജില്ലയില്‍ എത്തിയതായുള്ള ഒരു സൂചനയും പൊലീസിനു ലഭിച്ചില്ല.അന്വേഷണത്തിന്റെ ഭാഗമായി കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ ചില റിസോര്‍ട്ടുകളും നിരീക്ഷണത്തിലാണെന്നാണ് സൂചന.
എന്നാല്‍ കേസില്‍ പ്രതിയായതോടെ പാലക്കാട് നിന്നു സിനിമാനടിയുടെ കാറില്‍ കയറി പോയ രാഹുല്‍ ബംഗ്‌ളൂരുവില്‍ എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇതിനിടയില്‍ അതിജീവിതയുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതിനു ഉദുമ, ബാര സ്വദേശിക്കെതിരെ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ജയരാജ് ബാര എന്നയാള്‍ക്കെതിരെയാണ് കേസ്. ഇരയുടെ അന്തസിനു ഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടുവെന്നു ജയരാജിനെതിരെ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






