കാസർകോട്: സ്വിഫ്റ്റ് കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 453.6 ലിറ്റർ മദ്യം പിടികൂടുന്നതിനിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട മുഖ്യപ്രതി അറസ്റ്റിൽ. കുഞ്ചത്തൂർ സ്വദേശി അണ്ണു എന്ന അരവിന്ദയെ ആണ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി പി ജനാർദനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ തലപ്പാടി ദേവിപുരം റോഡിൽ തച്ചാണി എന്ന സ്ഥലത്ത് വെച്ച് അതിസാഹസീകമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ ജൂണിൽ അടുക്കത്ത് ബയൽ ദേശീയപാതയിൽ വച്ചാണ് വൻ മദ്യ കടത്ത് പിടികൂടിയത്. രണ്ടാം പ്രതി കുഡ്‌ലു രാംദാസ് നഗറിലെ പുരുഷോത്തമ(31)യെ സംഭവസ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തിരുന്നു. 108 ലിറ്റർ കർണാടക നിർമ്മിത മദ്യവും 345.6 ലിറ്റർ ഗോവൻ നിർമ്മിത മദ്യവും ആണ് അന്ന് എക്സൈസ് ഓട്ടോയിലും കാറിലുമായി പിടികൂടിയത്. പരിശോധനയ്ക്കിടെ ഒന്നാംപ്രതി അണ്ണു രക്ഷപ്പെടുകയായിരുന്നു. അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഇയാൾക്ക് എതിരെ നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്. കേരള -കർണാടക അതിർത്തിയായ തലപ്പാടി കേന്ദ്രീകരിച്ചാണ് മദ്യക്കടത്തു സംഘം പ്രവർത്തിക്കുന്നത്. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് മുഖ്യ പ്രതിയെ പിടികൂടിയത്. പ്രതിയെ ഉച്ചയോടെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി മഞ്ജുനാഥൻ, എൽ മോഹനകുമാർ, ശൈലേഷ് കുമാർ, സിവിൽ എക്സൈസ് ഡ്രൈവർ മഹേഷ് എന്നിവരും കെമു യൂണിറ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ സുരേഷ് ബാബു, എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് വി വി സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ വി പ്രജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു ടി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.







