കാസര്‍കോട്: രാവണീശ്വരം ഒറവങ്കരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയേയും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരേയും ആക്രമിച്ചതായി പരാതി. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാവണീശ്വരം കൊട്ടാച്ചി വളപ്പിലെ എം ബാലകൃഷ്ണന്‍(56), സിപിഎം ലോക്കല്‍ സെക്രട്ടറി മോഹനന്‍(50), മോഹനന്റെ സഹോദരന്‍ ഉദയന്‍(35) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെ രാവണീശ്വരം ഒറവങ്കരയിലാണ് സംഭവം.
കടയുടെ മുന്നില്‍ വച്ച് ഒറവങ്കരയിലെ വിപിന്‍ ആണ് അക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്ത മതില്‍ പരാതിക്കാരനായ ബാലകൃഷ്ണന്‍ പൊളിച്ചുമാറ്റിയിരുന്നില്ല. ഈ വിരോധത്തില്‍ ബാലകൃഷ്ണനേയും കൂടെയുണ്ടായിരുന്ന സിപിഎം ലോക്കല്‍ സെക്രട്ടറി മോഹനനേയും സഹോദരന്‍ ഉദയനേയും പ്രതി തടഞ്ഞുനിര്‍ത്തി ചവിട്ടിയും തള്ളിയും താഴെയിട്ട് പരിക്കല്‍പ്പിച്ചതായും കത്തിവീശി കഴുത്തിന് കുത്താന്‍ ശ്രമിച്ചതായും ഒഴിഞ്ഞുമാറി ഇല്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.







