കാസര്‍കോട്: പിണറായി വിജയനെ തുടര്‍ഭരണത്തില്‍ എത്തിച്ചത് ബിജെപി ആണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ‘തദ്ദേശകം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 40 ശതമാനം വോട്ടാണ് കിട്ടിയത്. എല്‍ഡിഎഫിന് 44 ശതമാനം വോട്ടും ലഭിച്ചു. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ടുലഭിച്ച ബിജെപിക്ക് കഴിഞ്ഞതവണ 10 ശതമാനമായി കുറഞ്ഞു.
ബിജെപിയുടെ നാലുശതമാനം വോട്ടോടെയാണ് പിണറായി വിജയന്‍ രണ്ടാമതും അധികാരത്തില്‍ എത്തിയത്- ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 7000 സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നില്ല. ആ സീറ്റുകളിലെ വോട്ടുകള്‍ സിപിഎമ്മിന് ലഭിക്കുന്നതിനുള്ള ഡീലാക്കി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പിണറായി വിജയനും ശക്തമായ ബന്ധത്തിലാണ്. അതിനാല്‍ മസാല ബോണ്ടില്‍ ഇഡി ഇപ്പോള്‍ അയച്ച നോട്ടീസിനെ കാര്യമായി കാണുന്നില്ല.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മസാല ബോണ്ട്. ലാവ്‌ലിന്‍ കമ്പനിയെ സംരക്ഷിക്കാനാണ് മസാല ബോണ്ട് ഇറക്കിയത്. കേന്ദ്ര സര്‍ക്കാരും പിണറായി വിജയനും ഒത്തുകളിക്കുന്നതിനാല്‍ ഈ സംഭവവും ആവിയായി പോകും. സ്വര്‍ണ്ണകള്ളക്കടത്ത് സംഭവം ആവിയായതും മറ്റൊന്നും കൊണ്ടല്ല- അദ്ദേഹം പറഞ്ഞു. കേരളം കണ്ട ഏറ്റവും ദുര്‍ബലമായ ഭരണമാണ് 10 വര്‍ഷമായുള്ള പിണറായി ഭരണം.
കടമെടുത്ത് കേരളത്തിന്റെ നടുവൊടിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എന്നിവരും സംബന്ധിച്ചു.







