കാസര്‍കോട്: ജമാഅത്തെ ഇസ്ലാമിയെ ഇടതു മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം ചിന്തിച്ചിട്ടു പോലുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ‘തദ്ദേശകം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം എല്ലാ കാലത്തും വര്‍ഗീയതയ്ക്ക് എതിരാണ്. അതില്‍ ഭൂരിപക്ഷ വര്‍ഗീയത എന്നോ ന്യൂനപക്ഷ വര്‍ഗീയത എന്നോ ഇല്ല-അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ ഉയര്‍ന്ന ആരോപണം കോണ്‍ഗ്രസിന്റെ ജീര്‍ണ്ണതയാണ് വ്യക്തമാക്കുന്നത്. ആ വിഷയം കോണ്‍ഗ്രസുകാര്‍ തന്നെ ഏറ്റെടുത്തു കഴിഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ഉണ്ണിത്താനും ചെന്നിത്തലയും പറയുന്നത്. എല്ലാം പുറത്തു വരട്ടെ-അദ്ദേഹം പറഞ്ഞു.
മുകേഷിനെതിരെ ഉള്ള ആരോപണവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസും താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ടും രണ്ടാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.വി ജയരാജനും അദ്ദേഹത്തോടൊപ്പം പരിപാടിയില്‍ സംബന്ധിച്ചു.







