കാസര്‍കോട്: നാലുവര്‍ഷമായി ഒരുമിച്ച് താമസിച്ച യുവതിയെ സ്വര്‍ണത്തിനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി വയനാട്ടില്‍ പിടിയില്‍. വയനാട് വൈത്തിരി സ്വദേശി എം.ആന്റോ സെബാസ്റ്റ്യനെ(44)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(32)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. 2023 ജനുവരി 27ന് രാവിലെയാണ് നീതുവിനെ കൊലപ്പെടുത്തിയത്. ഇവരുടെ ഒരു പവന്റെ കൈചെയിനിന് വേണ്ടിയുള്ള തര്‍ക്കത്തിലായിരുന്നു കൊല. കൊലയ്ക്ക് ശേഷം മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്തു വച്ചു പ്രതിയെ പിടികൂടിയിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് ചീഫിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് എ എസ് പി യുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി ഗോകുല്‍, ശ്രീനേഷ്, എസ് പി യുടെ സ്‌ക്വാഡിലെ സജിഷ്, നിഖില്‍ എന്നിവരാണ് പ്രതിയെ വയനാട്ടില്‍ എത്തി പിടികൂടിയത്.








