കാസർകോട്: പരവനടുക്കം തലക്ലായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ സ്വർണ്ണ, വെള്ളി ആഭരണങ്ങൾ കവർന്നു. ഭണ്ഡാരത്തിൽ നിക്ഷേപിച്ച പണവും കവർന്നു. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് ക്ഷേത്രത്തിലെ കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. രണ്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണ മുദ്ര വളകളും, പതിനഞ്ചായിരം രൂപ വില വരുന്ന 10 വെള്ളിമുദ്രവളകളും മോഷണം പോയിട്ടുണ്ട്. കൂടാതെ 15000 രൂപ വില വരുന്ന വെള്ളി നാഗ പ്രതിമകളും ഷെൽഫിൽ ഉണ്ടായിരുന്ന 25000 രൂപയും മോഷണം പോയി. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന ഏകദേശം ഒരു ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. ക്ഷേത്ര പരിപാലന വൈസ് പ്രസിഡണ്ട് ആനന്ദന്റെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. ഉച്ചയോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽ സിസിടിവി ഇല്ല. പരിസരത്തെ വീടുകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.








