കുമ്പളയില്‍ ത്രികോണ മത്സരം പൊടിപാറുന്ന കോയിപ്പാടി കടപ്പുറത്തു വാര്‍ഡിന്റെ വികസനത്തിന് വോട്ടഭ്യര്‍ത്ഥിച്ചു ബി ജെ പി സ്ഥാനാര്‍ത്ഥി വിക്രംപൈ

കാസര്‍കോട്: 24 അംഗ കുമ്പള പഞ്ചായത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോയിപ്പാടി കടപ്പുറം 17-ാം വാര്‍ഡ് പ്രചരണച്ചൂടില്‍ അമരുന്നു.
എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ഇവിടെ ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. ഇടതു മുന്നണി വിജയിച്ചാല്‍ നാടിന്റെ സര്‍വതോമുഖമായ വികസനം അതിവേഗത്തിലാക്കാന്‍ സഹായകമാവുമെന്നു ഇടതു സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലീം പറയുമ്പോള്‍ അതുവെറുതെയാണെന്നു വലതുമുന്നണി പ്രതികരിക്കുന്നു. ഭരണം കൊണ്ടു സംസ്ഥാനത്തിന്റെ നിത്യച്ചെലവു മുട്ടിച്ച ഇടതു സര്‍ക്കാറിനു പകരം വലതുമുന്നണിയെ വിജയിപ്പിക്കണമെന്നു സ്ഥാനാര്‍ത്ഥി ഹമീദ് കോയിപ്പാടി അഭ്യര്‍ത്ഥിക്കുന്നു.


അതേസമയം കുമ്പളയിലെ പ്രമുഖ വ്യവസായിയും ആത്മാര്‍ത്ഥതയുള്ള പൊതു പ്രവര്‍ത്തകനെന്നു നാട്ടുകാര്‍ അംഗീകരിക്കുകയും ചെയ്യുന്ന വിക്രംപൈയാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായി സമ്മതിദായകരുടെ അംഗീകാരം തേടുന്നത്. കേരളപ്പിറവിയുടെ ചരിത്രവും പാരമ്പര്യവുമുള്ള കോയിപ്പാടി കടപ്പുറം വാര്‍ഡിന് കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും പഞ്ചായത്തില്‍ തുടര്‍ഭരണം പതിവായി കൈകാര്യം ചെയ്യുന്ന യു ഡി എഫും എന്തുചെയ്തുവെന്നും അദ്ദേഹം ആരായുന്നില്ല. അതിന്റെ പേരില്‍ ഒരു മുന്നണിയേയും കുറ്റപ്പെടുത്തുന്നുമില്ല. അതേസമയം കോയിപ്പാടി കടപ്പുറം വാര്‍ഡിന്റെ പോരായ്മകള്‍ അക്കമിട്ട് അദ്ദേഹം നിരത്തുന്നു. അതിനു കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉറപ്പാക്കാനും വാര്‍ഡില്‍ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനുമുള്ള ആര്‍ജവം തന്റെ പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും ഉണ്ടെന്നും അതിനുവേണ്ടിയുള്ള സമ്മര്‍ദ്ദം നടത്താന്‍ താന്‍ തയ്യാറാണെന്നും വോട്ടര്‍മാരോടു പറയുന്നു. സത്യത്തിനും നീതിക്കും വേണ്ടി ഏതറ്റംവരെയും പോകാനുള്ള ധൈര്യമുള്ള കുമ്പളയിലെ ഏക പൊതുപ്രവര്‍ത്തകനാണ് വിക്രംപൈയെന്നു ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും ഉറപ്പുണ്ട്.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ വാര്‍ഡില്‍ നിരവധി കുടുംബങ്ങള്‍ക്കു വീടില്ല. അത്രയും അതിലുമേറെയും കുടുംബങ്ങള്‍ക്കു ശുദ്ധജലം ലഭ്യമാക്കിയിട്ടില്ല. ചികിത്സാ സൗകര്യമില്ല. യാത്രാ സൗകര്യമില്ല. പലവീടിനും ഗ്യാസ് കണക്ഷനില്ല. ബത്തേരി മേഖലയില്‍ നൂറുകണക്കിനു വീടുകള്‍ക്കു വഴി സൗകര്യമില്ല. മത്സ്യത്തൊഴിലാളികള്‍ക്കു തൊഴില്‍ സൗകര്യം വിലുപലപ്പെടേണ്ടതായിരിക്കുന്നു. തൊഴിലുപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായമില്ലാതെ നിരവധി പേര്‍ വിഷമിക്കുന്നു. ഷിറിയയില്‍ പുലി മുട്ടില്ലാത്തതുകൊണ്ടു മത്സ്യബന്ധനതൊഴിലാളികള്‍ വിഷമിക്കുന്നു. ഇവയ്‌ക്കെല്ലാം പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതികളുണ്ട്. താന്‍ വിജയിച്ചാല്‍ ഇവയെല്ലാം കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടു സമ്മര്‍ദ്ദമുപയോഗിച്ച് അംഗീകരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനു വിശ്വാസമുണ്ട്. അതിലേറെ ഉറപ്പുണ്ട്. തന്റെ രാഷ്ട്രീയം കേന്ദ്രസര്‍ക്കാരിന്റെ സഹായവും സാന്ത്വനവും തലോടലും എല്ലാവര്‍ക്കും ഒരു പോലെ ലഭ്യമാക്കണമെന്നാണെന്നും അതിന്റെ ഗുണം കോയിപ്പാടി കടപ്പുറത്തും എത്തിക്കണമെന്നുമാണെന്നും വിക്രംപൈ പറയുന്നു. നാടിന്റെ വികസനവും പുരോഗതിയും ഉറപ്പാക്കാന്‍ താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു ശക്തിപകരാന്‍ വോട്ടര്‍മാരുടെ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page