കുമ്പള: പാര്‍ട്ടിയില്‍ നിന്നു കൊണ്ടു പാര്‍ട്ടിക്കു പാരവയ്ക്കുന്നെന്ന ആരോപണത്തെത്തുടര്‍ന്നു കുമ്പള പഞ്ചായത്തിലെ പ്രമുഖ ലീഗ് പ്രവര്‍ത്തകരെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. യൂത്ത്‌ലീഗ് മുന്‍ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എം അബ്ബാസ്, 10-ാം വാര്‍ഡില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന സബൂറ, ഈ വാര്‍ഡിലെ ലീഗ് ശാഖാ പ്രസിഡന്റ് ഐ സി മുഹമ്മദ്, ശാഖാ സെക്രട്ടറി ലത്തീഫ് എന്നിവരെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയത്.
കുമ്പള പഞ്ചായത്തില്‍ പോര്‍ട്ടിന്റെ അനുമതിയോടെ പഞ്ചായത്ത് നേരിട്ടു നടത്തിയ കടവിന്റെ സൂപ്പര്‍ വൈസറായിരുന്നു ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട കെ എം അബ്ബാസ് ഈ കടവിലെ മണല്‍ക്കൊള്ളയിലും ജോലിയിലും കൃത്രിമവും തട്ടിപ്പുമുണ്ടെന്നു ലീഗില്‍ നിന്നു തന്നെ ആരോപണം രൂക്ഷമാവുകയും അതിനെത്തുടര്‍ന്നു പഞ്ചായത്തു ഭരണ സമിതി യോഗം ചേര്‍ന്നു കടവു സൂപ്പര്‍ വൈസര്‍ സ്ഥാനത്തു നിന്നു യൂത്ത് ലീഗ് നേതാവായിരുന്ന അബ്ബാസിനെ പുറത്താക്കുകയായിരുന്നു. കടവു സൂപ്പര്‍ വൈസര്‍ എന്ന നിലയില്‍ ജോലി ചെയ്യാതെ കൈപ്പറ്റിയ പണം തിരിച്ചു പിടിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു കടവിലെ പൂഴികടത്തും അതിനു ഇടനിലക്കാരായി പഞ്ചായത്തിലെ ലീഗ് നേതാക്കള്‍ കൈപ്പറ്റിയ പണത്തിന്റെ കണക്കും അബ്ബാസ് ലീഗ് മേല്‍ഘടകങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റിക്കും അയച്ചു കൊടുക്കുകയും പരാതിയെക്കുറിച്ചന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ ലീഗ് നേതാക്കന്മാരുടെ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഈ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനായ അബ്ബാസ് ഉള്‍പ്പെടെ കുമ്പളയിലെ ലീഗിന്റെ പ്രമുഖ നേതാക്കളായ ഏതാനും പേര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി മരവിപ്പിച്ചു. തുടര്‍ന്നു വന്ന യൂത്ത് ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ അബ്ബാസിനെ പഞ്ചായത്തു യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നു തെറിപ്പിച്ചു. ഇതിനു പ്രതികാരമായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാട്ടങ്കുഴിയിലെ സി പി എം സ്ഥാനാര്‍ത്ഥിക്കും 18-ാം വാര്‍ഡിലെ ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥി സമീറക്കും വേണ്ടി അബ്ബാസ് പരസ്യമായി പ്രചരണ രംഗത്തിറങ്ങുകയുമായിരുന്നെന്നു പറയുന്നു. ഇതു അബ്ബാസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്ന സ്ഥിതിയിലെത്തിച്ചു. പുറത്താക്കല്‍ നടപടിയോടെയാണ് മണല്‍ കടത്തിടപാടിലെ ലീഗ് നേതാക്കളുടെ പങ്കാളിത്തം തിരഞ്ഞെടുപ്പു പ്രചരണ വിഷയമായിത്തുടങ്ങിയെന്നു വോട്ടര്‍മാര്‍ പറയുന്നു. ഇവര്‍ക്കൊപ്പം മംഗല്‍പ്പാടി പഞ്ചായത്തിലെ ലീഗ് നേതാവ് അന്‍വര്‍ മാളികയെയും മുസ്ലീം ലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്.







