കുമ്പള: കൊപ്പളം, ഇച്ചിലങ്കോട് എന്നിവിടങ്ങളില്‍ നിന്ന് അനധികൃതമായി മണല്‍ വാരുകയായിരുന്ന നാലു തോണികള്‍ പൊലീസ് പിടിച്ചെടുത്തു. ഇവ കരക്കെത്തിച്ചു ജെ സി ബി ഉപയോഗിച്ചു ഇടിച്ചു പൊളിച്ചു.
പൊലീസിനെ കണ്ട് തോണിയിലുണ്ടായിരുന്നവര്‍ പുഴയില്‍ച്ചാടി രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനു ക്വാര്‍ട്ടേഴ്‌സുകളില്‍ പൊലീസ് പരിശോധന ആരംഭിക്കുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മണല്‍ മാഫിയ തലവന്മാര്‍ മണല്‍ക്കൊള്ള നടത്തുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുമ്പള പരിസരങ്ങളിലെ വിവിധ ക്വാര്‍ട്ടേഴ്‌സുകളിലാണ് ഇക്കൂട്ടര്‍ താമസിക്കുന്നതെന്ന സൂചനകളെത്തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്‌സുകള്‍ പരിശോധിച്ചു മണല്‍ മാഫിയക്കുവേണ്ടി പണിയെടുക്കുന്ന അന്യ സംസ്ഥാനക്കാരെ പിടികൂടാന്‍ ശ്രമം. ഇത്തരത്തില്‍ പിടിയിലാവുന്നവരെ സ്വന്തം നാട്ടിലേയ്ക്കു മടക്കി അയക്കാനും നീക്കമുണ്ട്. മാഫിയതലവന്മാരെക്കുറിച്ച് നാട്ടുകാര്‍ക്ക് അറിവുണ്ടാവുമെന്നു പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ അക്കൂട്ടര്‍ പൊട്ടന്‍ കളിക്കുന്നതായും സംശയമുണ്ട്. കൊപ്പളം അഴിമുഖം, ഇച്ചിലങ്കോട് ജുമാമസ്ജിദിനടുത്തെ പുഴ എന്നിവിടങ്ങളില്‍ നിന്നാണ് പൂഴിത്തോണികള്‍ പൊലീസ് പിടികൂടിയത്. കുമ്പള എസ് ഐ കെ ശ്രീജേഷ്, പ്രൊഫ. എസ് ഐ അനന്തകൃഷ്ണന്‍, ഹരീന്ദ്രന്‍, കലേഷ്, ജാബിര്‍ എന്നിവര്‍ മണല്‍ വേട്ടയില്‍ പങ്കെടുത്തു.







