കാസര്‍കോട്: സംസ്ഥാനതലത്തില്‍ത്തന്നെ ഒരുപക്ഷേ 15 ദിവസം കൊണ്ടു എസ് ഐ ആര്‍ എന്യുമറേഷനും ഫോം വിതരണവും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ സ്വീകരിക്കലും അതിന്റെ അപ്‌ലോഡിംഗും പൂര്‍ത്തിയാക്കിയത് മഞ്ചേശ്വരം താലൂക്കിലെ 170-ാം നമ്പര്‍ ബൂത്തായ അംഗഡിമുഗറിന്റെ ബി എല്‍ ഒ വിഖ്യാത് ബി റൈ ആയിരിക്കും.
ജില്ലയില്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കല്‍ ജോലി ഒരു വാര്‍ഡില്‍ ആദ്യം പൂര്‍ത്തിയായത് അംഗഡിമുഗര്‍ വാര്‍ഡിലാണ്. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ ദൗത്യം ആത്മാര്‍ത്ഥതയോടെയും കൃത്യനിഷ്ഠതയോടെയും ചിട്ടയായും നടത്തി കുറ്റമറ്റ രീതിയില്‍ പെട്ടെന്നു പൂര്‍ത്തിയാക്കിയ അംഗഡിമുഗര്‍ വാര്‍ഡ് ബി എല്‍ ഒ വിഖ്യാത് റൈയെ അഭിനന്ദിച്ചു. മഞ്ചേശ്വരം എം എല്‍ എയും മറ്റും അദ്ദേഹത്തെ അഭിനന്ദനം കൊണ്ടു വീര്‍പ്പു മുട്ടിച്ചു.
ഒരു വര്‍ഷം മുമ്പാണ് 24 കാരനായ വിഖ്യാതിന് കാസര്‍കോട് അണങ്കൂര്‍ ജി എല്‍ പി സ്‌കൂളില്‍ അധ്യാപകനായി സര്‍ക്കാര്‍ നിയമനം ലഭിച്ചത്. അധികം കഴിയും മുമ്പു തന്നെ അംഗഡിമുഗര്‍ 170-ാം ബൂത്ത് ബി എല്‍ ഒയുടെ ചുമതല നല്‍കുകയും ചെയ്തു. ഈ മാസം അഞ്ചിന് മലയാളത്തിലുള്ള 500 ഫോമുകളും ഏഴിന് 1135 ഫോമുകളും അധികൃതര്‍ വിഖ്യാതിനെ ഏല്‍പ്പിച്ചു. എട്ടിനു എന്യുമറേഷന്‍ തുടങ്ങണമെന്നു വില്ലേജില്‍ നിന്നു മറ്റും വിളിയും വന്നു.
എന്നാല്‍ ഏഴില്‍ പറ്റില്ലെന്നും ജീവനക്കാരുടെ ഒരുതമിഴ്‌നാട് വിനോദയാത്ര അന്നാരംഭിക്കാന്‍ നേരത്തേ തീരുമാനിക്കുകയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നു തഹസില്‍ദാരെ അറിയിച്ചു. അദ്ദേഹത്തിന്റെ അനുമതിയോടെ മൂന്നു ദിവസത്തെ ടൂര്‍ കഴിഞ്ഞു മടങ്ങിവന്ന് 10ന് തന്നെ എന്യുമറേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
ആദ്യം വാര്‍ഡിലെ വോട്ടര്‍മാരുടെ പേരു ഒരു ബുക്കില്‍ ക്രമനമ്പര്‍ അനുസരിച്ച് എഴുതിച്ചേര്‍ത്തു. അതില്‍ ഫോം വാങ്ങുന്നവരുടെയും വാങ്ങാത്തവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും ഓരോ ദിവസവും അതിനുവേണ്ടി ചെയ്ത ജോലികളും രേഖപ്പെടുത്താനുമുള്ള സംവിധാനത്തോടെയായിരുന്നു ചാര്‍ട്ട് തയ്യാറാക്കിയത്. പിന്നീട് അതു പൂരിപ്പിച്ചു തിരിച്ചുവാങ്ങുന്ന ദിവസവും മൊത്തം ഫോമുകളും ക്രമ നമ്പറനുസരിച്ച് അടുക്കി വയ്ക്കുന്നതിനുള്ള സംവിധാനവും പിന്നീട് ആ മുറക്ക് അതു അപ് ലോഡ് ചെയ്തതും രേഖപ്പെടുത്തി. നവംബര്‍ 26നു രാവിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി. ഉടനെ അനുമോദനങ്ങളും ലഭിച്ചു.
വിവരമറിഞ്ഞു മുതിര്‍ന്ന ബി എല്‍ ഒമാര്‍ നിങ്ങളെങ്ങനെ പൂര്‍ത്തിയാക്കിയെന്ന് ആകാംക്ഷ പ്രകടിപ്പിച്ചിരുന്നുവെന്നും വിഖ്യാത് അനുസ്മരിച്ചു.
ഏതു ജോലിയായാലും അതു ആത്മാര്‍ത്ഥതയോടെയും സമര്‍പ്പണ മനോഭാവത്തോടും കൂടി ചെയ്യാന്‍ ശ്രമിച്ചാല്‍ ഇതൊന്നും അത്ര വലിയ സംഭവമല്ലെന്നു വിഖ്യാത് പറയുന്നു. ഉത്തരവാദിത്വം സമര്‍പ്പണമനോഭാവത്തോടെ ഏറ്റെടുക്കാനുള്ള നിശ്ചയ ദാര്‍ഢ്യം മാത്രം മതി. അതുണ്ടാവണം എന്നു കരുതി ഇതത്ര നിസ്സാരപണിയൊന്നുമല്ല. പോരാത്തതിന് ഇടക്കിടക്കു വില്ലേജ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസില്‍ നിന്നുമൊക്കെ വിളിച്ചു ശല്യം ചെയ്യുന്നതും ജോലി കഠിനമാണെന്ന മാനസിക സംഘര്‍ഷത്തിനു കാരണമായേക്കാം.
285 വീടുകളാണ് അംഗഡിമുഗര്‍ വാര്‍ഡിലുള്ളത്. വീടുകളില്‍ രണ്ടു ദിവസത്തിനുള്ളില്‍ നേരിട്ടു ഫോം വിതരണം ചെയ്തു. കന്നഡ മേഖലയായതിനാലും ഫോമുകള്‍ മലയാളത്തിലായതിനാലും ഓരോവിട്ടിലേയും ഒരു ഫോമില്‍ മലയാളത്തില്‍ അച്ചടിച്ച വിവരങ്ങള്‍ക്കു മുകളില്‍ അതു പെന്‍സില്‍ കൊണ്ടു കന്നഡയില്‍ എഴുതിച്ചേര്‍ത്തു.
മാത്രമല്ല, ഫോമില്‍ പൂരിപ്പിക്കേണ്ട 2002ലെ വോട്ടേഴ്‌സ് ലിസ്റ്റിലെ വിവരങ്ങളും താന്‍ തന്നെ എല്ലാ ഫോമിലും എഴുതിക്കൊടുത്തു. ഇത് ഫോം പൂരിപ്പിക്കുന്നതിനു വീട്ടുകാര്‍ക്കു വലിയ സഹായമായിരുന്നു. അവശേഷിച്ച വീടുകളില്‍ മൂന്നാം ദിവസവും ഇതുപോലെ ഫോം വിതരണം ചെയ്തു. വാര്‍ഡിന്റെ ഒരു മൂലയിലുള്ള സുഗമമായ വഴിയില്ലാത്ത വീട്ടുകാര്‍ക്കുവേണ്ടി ആ സ്ഥലത്ത് ഒരു ക്യാമ്പു വച്ചു. അവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതിനു സന്നദ്ധ- രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹായവും ലഭിച്ചു. ഇടക്ക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്റെ തകരാറുണ്ടായതുകൊണ്ട് പൂരിപ്പിച്ച ഫോമുകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് അല്‍പ്പം തടസ്സമുണ്ടായി. കുറച്ചു കാലതാമസവുമായി. വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരണത്തിനു വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം അധികൃതര്‍ക്കു നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കൃത്യസമയത്തിനു മുമ്പു തന്നെ എല്ലാ ബി എല്‍ ഒമാര്‍ക്കും നിശ്ചിത സമയത്തിനു മുമ്പേ ഫോം പൂരിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.







