കാസര്‍കോട്: മടിക്കൈ, എരിക്കുളത്തു നിന്നും കാണാതായ 18 കാരി, ഇഷ്ടദൈവത്തെ സാക്ഷിയാക്കി ഇഷ്ടപുരുഷന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. എരിക്കുളത്തു നിന്നു കാണാതായ മീര എസ് ബൈജുവാണ് ബങ്കളം സ്വദേശിയും മത്സ്യവില്‍പ്പനക്കാരനുമായ വിഷ്ണുവിനെ വിവാഹം ചെയ്തത്.
പതിവു പോലെ വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മീരയെ കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മാതാവ് സബീന നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. ബങ്കളം സ്വദേശിയായ വിഷ്ണുവിനൊപ്പം പോയിരിക്കാമെന്ന സംശയം പരാതിയില്‍ പറഞ്ഞിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നതായുള്ള വിവരം ലഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.







