തലപ്പാടി: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി വിക്രം (48), ഹരേക്കള സ്വദേശികളായ ഇസ്മായില്‍ (32), മുഹമ്മദ് മിസ്ബ (30), കാട്ടിപ്പള്ളയിലെ ഉമറുല്‍ ഫാറൂഖ് (52), ഉള്ളാള്‍, മേലങ്ങാടിയിലെ ഇംതിയാസ് (29), മഞ്ചിലയിലെ സഹീം അഹമ്മദ് (31) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
സഹീം അഹമ്മദും ഒളിവില്‍ കഴിയുന്ന പ്രതിയും ചേര്‍ന്ന് ഉള്ളാളിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് 41ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 3,55,000 രൂപ കൈക്കലാക്കിയിരുന്നു. ഇതിനു പിന്നാലെ സംഘാംഗമായ ഇംതിയാസ് 55 ഗ്രാം സ്വര്‍ണ്ണമെന്ന് പറഞ്ഞ് മുക്കുപണ്ടവുമായി എത്തി പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ സ്ഥാപന ഉടമ സ്വര്‍ണ്ണം വിശദമായി പരിശോധിച്ചു. അപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. നേരത്തെ പണയപ്പെടുത്തിയ ആഭരണങ്ങളും പരിശോധിച്ച് മുക്കുപണ്ടമാണെന്നു ഉറപ്പു വരുത്തിയ ശേഷം ഉടമ ഉള്ളാള്‍ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. ഇംതിയാസിനെ പൊലീസ് കയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഘാംഗങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചതും അറസ്റ്റു ചെയ്തതും. പ്രതികളില്‍ നിന്നു ആറ് മൊബൈല്‍ ഫോണുകള്‍, 47000രൂപ, മുക്കുപണ്ടങ്ങള്‍ എന്നിവ പിടികൂടി.







