കാസര്‍കോട്: ബസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. നാലുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. നീര്‍ച്ചാല്‍, കന്യപ്പാടി സ്വദേശിയും കാസര്‍കോട്- തലപ്പാടി റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറുമായ എന്‍ അമീറിന്റെ പരാതി പ്രകാരമാണ് കേസ്. മറ്റു രണ്ടു ബസുകളിലെ ജീവനക്കാരായ സഹദ്, നിഷാദ്, ബാദിഷ, അമീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. അതേസമയം സ്വകാര്യ ബസുകളുടെ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താന്‍ ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡി നിര്‍ദ്ദേശം നല്‍കി. കുമ്പള, ബദിയഡുക്ക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലേയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം പതിവായതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി പ്രസ്തുത നിര്‍ദ്ദേശം നല്‍കിയത്.






