പുത്തൂര്‍: ധര്‍മ്മസ്ഥല ക്ഷേത്ര ദര്‍ശനത്തിനു എത്തിയ സ്ത്രീയുടെ ബാഗില്‍ നിന്നു 76 ഗ്രാം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ഹുബ്ബള്ളി സ്വദേശികളായ ബേബിജാന്‍ (59), മസാബി എന്ന ആരതി (34) എന്നിവരെയാണ് ധര്‍മ്മസ്ഥല പൊലീസ് അറസ്റ്റു ചെയ്തത്. മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആന്ധ്രാപ്രദേശില്‍ നിന്നു ദര്‍ശനത്തിനു എത്തിയ സ്ത്രീയാണ് മോഷണത്തിനു ഇരയായത്. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് മറ്റൊരു മോഷണ കേസില്‍ ബേബി ജാനും മകളും അറസ്റ്റിലായത്. ഇതോടെ തെളിയാതെ കിടന്നിരുന്ന നിരവധി സമാനമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനായതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ധര്‍മ്മസ്ഥലയില്‍ എത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനിയുടെ ബാഗില്‍ നിന്നു സ്വര്‍ണ്ണം കവര്‍ന്ന കേസിനും തുമ്പായത്. മോഷണം പോയ ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.






