ഹോങ്കോങ് : ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലുള്ള പാർപ്പിട സമുച്ചയങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ 44 മരണം. 45 പേരുടെ നില ഗുരുതരം. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. 279 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയിലെ മൂന്നു ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്‌തു. മുളകൊണ്ടുള്ള മേൽത്തട്ടിയിൽ തീ പിടിച്ചാണു ദുരന്തം. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.20ഓടെയാണ് സംഭവം. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇതു കെട്ടിടത്തിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. 8 ടവറുകളിലായി 2,000 പേർ താമസിക്കുന്ന പാർപ്പിട സമുച്ചയമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടങ്ങളുടെ മുകൾനിലകളിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയിലാണിത്. രക്ഷപ്പെട്ട 900 ഓളം പേരെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. 128 ഫയർ എൻജിനുകളും 767 ഫയർഫോഴ്‌സ് സേനാംഗങ്ങളും 400 പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അതിനിടെ തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ പൊലീസും അഗ്നിശമന വകുപ്പും ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഡിസംബർ 7ന് നടക്കുന്ന ലെഗ്കോ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ താത്ക്കാലത്തേക്ക് നിർത്തിവച്ചു. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഹോങ്കോങ്ങിലെ വാങ് ഫുക് കോർട്ട്. മുപ്പതു വർഷത്തിനിടയിൽ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതർ പറഞ്ഞു.







