പാലക്കാട്: ജീവനൊടുക്കിയ ചെറുപ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. നിലവില്‍ കോഴിക്കോട് ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ഗുരുതര ആരോപണം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാസമയത്ത് പോയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നു ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 2014 ല്‍ പാലക്കാട്ട് സര്‍വ്വീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. ആറുമാസം മുന്‍പാണ് ബിനു തോമസ് സ്ഥലംമാറ്റം ലഭിച്ച് ചെര്‍പുളശേരിയില്‍ എത്തിയത്. നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ തന്റെ കോട്ടേജിലേക്ക് പോയ ബിനു പിന്നെ തിരിച്ചുവന്നില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ കോട്ടേജില്‍ അന്വേഷിച്ചെത്തിയപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തോട് ചേര്‍ന്ന് 32 പേജുള്ള കുറിപ്പും കണ്ടെത്തിയിരുന്നു.
കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. അതേസമയം, ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പൂഴ്ത്തി ആരോപണവിധേയനെ രക്ഷിക്കാനായിരുന്നു ഇന്റലിജന്‍സ് ശ്രമമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.








