കാസര്‍കോട്: അത്യന്തം സങ്കീര്‍ണ്ണമായ ‘എവേക് ക്രാനിയോട്ടമി’ (ശസ്ത്രക്രിയ ആസ്റ്റര്‍ മിംസ് കാസര്‍കോട്ട് വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രി സിഒഒ ഡോ. സോയ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 77 വയസ്സുള്ള സ്ത്രീക്കാണ് ഈ ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിക്കുന്ന ചികിത്സ ലഭ്യമാക്കിയത്. ഇതോടെ കാസര്‍കോട് ജില്ലയിലെ ന്യൂറോസര്‍ജറി സേവനങ്ങള്‍ക്ക് ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്.
രോഗിയുടെ സംസാരശേഷിയും ചലനങ്ങളും നിയന്ത്രിക്കുന്ന തലച്ചോറിലെ നിര്‍ണ്ണായക ഭാഗങ്ങളുടെ സമീപത്തായിരുന്നു ട്യൂമര്‍ സ്ഥിതി ചെയ്തിരുന്നത്. ഈ ട്യൂമര്‍ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനാണ് അതിസങ്കീര്‍ണ്ണമായ എവേക് ക്രാനിയോട്ടമി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയുടെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍ രോഗിയെ ഉണര്‍ന്നിരിക്കാന്‍ അനുവദിച്ചു എന്നതാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത. ഈ സമയത്ത് രോഗിയുടെ സംസാരവും കൈകാലുകളുടെ ചലനവും മെഡിക്കല്‍ സംഘം നിരന്തരമായി നിരീക്ഷിച്ച് പരിശോധിച്ചു.
ഇതിലൂടെ, തലച്ചോറിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനും, പരമാവധി ട്യൂമര്‍ സുരക്ഷിതമായി നീക്കം ചെയ്യാനും സാധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ഉടന്‍ തന്നെ യാതൊരു തടസ്സവുമില്ലാതെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്തു. പിന്നീട് ന്യൂറോളജിക്കല്‍ ഡെഫിസിറ്റ് (നാഡീ സംബന്ധമായ തകരാറുകള്‍) ഒന്നും ഉണ്ടായില്ല എന്നത് ശസ്ത്രക്രിയയുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂറോ സര്‍ജറി, ന്യൂറോളജി, അനസ്‌തേഷ്യ, ക്രിട്ടിക്കല്‍ കെയര്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടം. ന്യൂറോനാവിഗേഷന്‍, ന്യൂറോമോണിറ്ററിംഗ്, അഡ്വാന്‍സ്ഡ് ഓപ്പറേറ്റീവ് ഇമേജിംഗ് പോലുള്ള ആധുനിക ന്യൂറോ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
എവേക് ക്രാനിയോട്ടമി ന്യൂറോസര്‍ജറിയിലെ ഏറ്റവും സാങ്കേതികപരമായി പ്രാവീണ്യം ആവശ്യമുള്ള ശസ്ത്രക്രിയകളിലൊന്നാണെന്നും, കാസര്‍കോട്ട് ഇത് സുരക്ഷിതമായി നടത്താനായത് തങ്ങളുടെ ടീമിന്റെ വൈദഗ്ധ്യത്തെയും ആശുപത്രിയുടെ ആധുനിക സൗകര്യങ്ങളെയും പ്രതിഫലിക്കുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോസര്‍ജന്‍ ഡോ. പി എസ് പാവ്മാന്‍ അഭിപ്രായപ്പെട്ടു.
ഈ വിജയത്തോടെ കാസര്‍കോട്ട് തന്നെ ഉയര്‍ന്ന നിലവാരമുള്ള ബ്രെയിന്‍-സ്‌പൈന്‍ ചികിത്സ ലഭ്യമാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം തലവന്‍ ഡോ. മുഹമ്മദ് അമീന്‍, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ. അമിത്ത് ശ്രീധരന്‍, ബിസിനസ് ഡെവെലപ്‌മെന്റ് തലവന്‍ വി.വി വിജീഷ് എന്നിവരും പങ്കെടുത്തു.







