കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 28.32ഗ്രാം എം ഡി എം എ യുമായി രണ്ടു പേര്‍ അറസ്റ്റില്‍. മുളിയാര്‍, മാസ്തിക്കുണ്ടില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കെ ഉസ്മാന്‍ എന്ന ചാര്‍ളി ഉസ്മാന്‍ (43), മധൂര്‍, ഷിറിബാഗിലു, ബദര്‍ ജുമാമസ്ജിദിനു സമീപത്തെ കുളത്തിങ്കര ഹൗസിലെ എം അബ്ദുല്‍ റഹ്‌മാന്‍ (55) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ കെ രാജീവനും സംഘവും അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ ഷിരിബാഗിലുവില്‍ വാഹന പരിശോധന നടത്തുകയായിരുന്നു എസ് ഐയും സംഘവും. ഇതിനിടയില്‍ പെരിയടുക്ക ഭാഗത്തു നിന്നും എത്തിയ ഓട്ടോയ്ക്ക് കൈകാണിച്ചുവെങ്കിലും നിര്‍ത്താതെ പോയി. ഇതില്‍ സംശയം തോന്നിയ പൊലീസ് ഓട്ടോയെ പിന്തുടര്‍ന്ന് പൊലീസ് വാഹനം റോഡിനു കുറുകെയിട്ട് തടഞ്ഞു. ഇതോടെ ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചുവെങ്കിലും ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.
പൊലീസ് സംഘത്തില്‍ ജൂനിയര്‍ എസ് ഐ സി ആര്‍ മൗഷമി, സി പി ഒ മാരായ ശ്യാം ചന്ദ്രന്‍, രമേശ്, ഡ്രൈവര്‍ ജിതീഷ് എന്നിവരും ഉണ്ടായിരുന്നു.






