കാസര്‍കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ സര്‍വ്വ മേഖലകളിലും പരാജയപ്പെട്ടുവെന്ന് കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ‘തദ്ദേശകം 25’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാത്തതിനാല്‍ പല പദ്ധതികളും നടപ്പിലാക്കാനായില്ല. അടിസ്ഥാന വികസനത്തിനുള്ള ഫണ്ട് ലഭ്യമാക്കിയില്ല. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നത് കേരളത്തിലാണ്- അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയെ തകര്‍ത്തു. സംസ്ഥാനത്ത് വന്യമൃഗ ഭീഷണി അതിരൂക്ഷമാണ്. കാര്‍ഷിക മേഖല തകര്‍ന്നു. അക്രമരാഷ്ട്രീയത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ആളെ പയ്യന്നൂര്‍ നഗരസഭയിലേയ്ക്ക് സി പി എം സ്ഥാനാര്‍ത്ഥിയാക്കിയത്. കൊലക്കേസ് പ്രതികള്‍ക്കു പോലും ആവേശോജ്ജ്വലമായ സ്വീകരണം നല്‍കുന്നു -സണ്ണി ജോസഫ് പറഞ്ഞു.
കാസര്‍കോട്ടെ ആരോഗ്യ രംഗം പരിതാപകരമാണ്. യു ഡി എഫിന്റെ കുഞ്ഞാണ് കാസര്‍കോട് മെഡിക്കല്‍ കോളേജ്. അത് എങ്ങുമെത്തിയില്ല. പരിയാരത്ത് നിയമനങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ- അദ്ദേഹം പരിഹസിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ എന്നിവരും പങ്കെടുത്തു.






