ബദിയഡുക്കയില്‍ കളി തുടങ്ങി; കലാശക്കളിക്ക് തയ്യാറെടുപ്പ്

ബദിയഡുക്ക: പഞ്ചായത്തു തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബദിയഡുക്ക പഞ്ചായത്തില്‍ ലീഗ് അധികാരത്തില്‍ വരുമെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ ആരായിരിക്കും പ്രസിഡന്റ്? അതിനിത്ര ആലോചിക്കാന്‍ എന്തിരിക്കുന്നുവെന്ന് പഞ്ചായത്തിലെ മുതിര്‍ന്ന ലീഗ് അംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും രണ്ടു തവണ ഏഴാം വാര്‍ഡ് മെമ്പറുമായിരുന്ന ഹമീദ് പള്ളത്തടുക്ക ചോദിക്കുന്നു. അര്‍ഹതയും മുന്‍ഗണനയും പരിഗണിച്ചാല്‍ താനായിരിക്കണം പ്രസിഡന്റാവുക. എന്നാല്‍ അങ്ങനെയൊരവസരം ഉണ്ടാവാതിരിക്കുന്നതിനു പഞ്ചായത്തു പ്രസിഡന്റും മൂന്നു തവണ പഞ്ചായത്തംഗവുമായിരുന്ന ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് സീതാംഗോളി വാര്‍ഡില്‍ നിന്നു മത്സരിക്കുന്നു. ഈ സ്ഥാനാര്‍ത്ഥിത്വം കൊണ്ടു തന്റെ അവസരവും സീതാംഗോളിയിലെ അബ്ദുല്‍റഹ്‌മാന്റെ അവസരവും തീര്‍ത്തു.
ഇനിയിപ്പോ മാഹിന്‍ ജയിക്കുകയും യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയും മാഹിന്‍ പ്രസിഡന്റാവുകയും ചെയ്‌തെന്നിരിക്കട്ടെ പിന്നെ എന്തായിരിക്കും സ്ഥിതി? നേരത്തെ മാഹിന്‍ പഞ്ചായത്തു പ്രസിഡന്റായിരുന്നപ്പോള്‍ പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്ലാതിരുന്ന എത്ര ദിവസമുണ്ടായിരുന്നു. ഇനിയും അങ്ങനെ സംഭവിക്കില്ലെന്ന് ആരറിഞ്ഞു. രാഷ്ട്രീയക്കാര്‍ അങ്ങനെയാണെന്നു ഹമീദ് പള്ളത്തടുക്ക പറഞ്ഞു. സ്വന്തം കാര്യം നേടാന്‍ വേണ്ടി അവര്‍ എന്തും ചെയ്യും. അതിനു കൂടെ നില്‍ക്കുന്നവനെയും ഒപ്പം കിട്ടുന്നവനെയും തരം കിട്ടിയാല്‍ തള്ളി താഴെയിടും. സീതാംഗോളിയില്‍ സ്ഥാനാര്‍ത്ഥിയാവുന്നതിന് മറ്റൊരാള്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. നിരവധി പേരെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ത്തു.
വാര്‍ഡ്- പഞ്ചായത്ത് സംവരണ പ്രഖ്യാപനത്തിനു മുമ്പു ചേര്‍ന്ന മുസ്ലീംലീഗിന്റെ ഒരു യോഗത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ താനും അന്‍വറുമൊന്നും ഇനി മത്സരിക്കാനിറങ്ങില്ലെന്നു മാഹിന്‍ പറഞ്ഞു. പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞു. അന്നു താനുള്‍പ്പെടെ അതു കേട്ടുകൊണ്ടിരുന്ന ശുദ്ധാത്മാക്കള്‍ മാഹിനെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. താമസിയാതെ സംവരണ പ്രഖ്യാപനം വന്നു. ബദിയഡുക്ക പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം ജനറല്‍ വിഭാഗത്തില്‍ പുരുഷനായി. പിന്നീട് സംഭവിച്ചത് സീതാംഗോളി വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ആളിന്റെ പേരിനൊപ്പം മറ്റു രണ്ടു പേരുകളും ചേര്‍ത്തുള്ള ചര്‍ച്ചയായിരുന്നു. ഒടുവില്‍ മധ്യസ്ഥ സ്ഥാനാര്‍ത്ഥിയായി മാഹിന്‍ രംഗത്തു വന്നു. പഞ്ചായത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ ഒരാള്‍ സ്ഥാനാത്ഥിയാവരുതെന്നു ലീഗ് നിലപാട് ബദിയഡുക്കയില്‍ ലീഗ് നേതാക്കന്മാര്‍ക്കു വേണ്ടെന്നായി. പക്ഷേ, അന്‍വര്‍ സ്ഥാനാത്ഥിയായില്ല. പകരം ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി.
നാടിന്റെ പുരോഗതിയും അഭിവൃദ്ധിയുമാണ് നേതാക്കന്മാരുടെ ആത്യന്തിക ലക്ഷ്യമെങ്കില്‍ അതിന് എന്തിനാണ് പാര്‍ട്ടി. റോഡു സമരത്തില്‍ താന്‍ ജനങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ പ്രശ്നം പരിഹൃതമായില്ലേ? പലരും തനിക്കെതിരായെങ്കിലും നാടിന്റെ പുരോഗതിക്ക് അത് ഉത്തേജകമായിരുന്നു. രാഷ്ട്രീയം വേണ്ടതു കക്കാനും, നക്കാനും, മുക്കാനുമാണെന്ന് ബദിയഡുക്ക രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ ഹമീദ് പള്ളത്തടുക്ക പറഞ്ഞു.
തന്റെ വാര്‍ഡ് കോണ്‍ഗ്രസിനു കൊടുത്തതു തന്നോടോ, പാര്‍ട്ടിയോടോ ആലോചിക്കാതെയായിരുന്നെന്നു ഹമീദ് പറഞ്ഞു. ബദിയഡുക്കയിലെ ലീഗിനെ പ്രാദേശിക നേതാക്കന്മാര്‍ പണക്കാരുടെ പാര്‍ട്ടിയാക്കിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു കാസര്‍കോട് മത്സരിക്കാന്‍ മാഹിന്‍ നേരത്തെ ശ്രമമാരംഭിച്ചിരുന്നു. എന്നാല്‍ ആ പൂതി മൂക്കാന്‍ പോവുന്നില്ലെന്നു മനസ്സിലാക്കിയാണ് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയിരിക്കുന്നതെന്നു ഹമീദ് പറഞ്ഞു. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ യു ഡി എഫിന്റെ പ്രധാന ഘടകകക്ഷിയായ കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ഛിന്നഭിന്നമാവും. ഇപ്പോള്‍ത്തന്നെ സംപൂജരാകാനുള്ള ശ്രമം ഈ മണ്ഡലത്തില്‍ വ്യാപകമായി അവര്‍ തുടങ്ങിവച്ചു. അരനൂറ്റാണ്ടോളം താലോലിച്ചുകൊണ്ടു നടന്ന പാര്‍ട്ടിയോടു തനിക്കു സലാം പറയേണ്ടിവന്നു. ഇനി എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ- ഹമീദ് പറഞ്ഞു. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ഭാരവാഹിത്വവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഹമീദ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page