കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി. മദ്യപിച്ച് റെയില്‍വേ സ്റ്റേഷനിലെത്തുന്നവരെ കണ്ടെത്താന്‍ പരിശോധന തുടരുന്നു. ട്രെയിനില്‍ യാത്രചെയ്യുന്നവരെയും പ്ലാറ്റ്‌ഫോമില്‍ ഇരിക്കുന്നവരെയും പരിശോധിക്കുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ബ്രെത്ത് അനലൈസര്‍ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. മദ്യപിച്ചു പ്ലാറ്റ്ഫോമുകളില്‍ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. റെയില്‍വേ പൊലീസ് എസ്‌ഐ എംവി പ്രകാശന്‍, എഎസ്‌ഐ മഹേഷ്, സിപിഒ ജോതിഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പരിശോധന നടന്നത്.






