കളിയെങ്കില്‍ കളി കുമ്പളയില്‍; മത്സരത്തില്‍ എന്ത് മുന്നണി; ലീഗും കോണ്‍ഗ്രസും കമ്മിലും ലീഗും ലീഗും തമ്മിലും ബിജെപിയും ബിജെപിയും തമ്മിലും മത്സരം

കുമ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 25 അംഗ കുമ്പള പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ മത്സരം പൊടിപൊടിക്കുന്നു.
സാധാരണ പ്രധാന മുന്നണികളും പാര്‍ട്ടികളും തമ്മിലാണ് മത്സരം തീപാറാറുള്ളതെങ്കിലും കുമ്പളയിലെ നാലു വാര്‍ഡുകളില്‍ രണ്ടെണ്ണത്തില്‍ യുഡിഎഫിലെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ലീഗും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒരു വാര്‍ഡില്‍ പതിവായി മത്സരിച്ചു തൊപ്പിയിടുന്ന കോണ്‍ഗ്രസ് ഇത്തവണ തോറ്റു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താതെ മത്സരത്തില്‍ നിന്ന് വഴിമാറി. ആ വാര്‍ഡില്‍ യുഡിഎഫ് സാന്നിധ്യം അറിയിക്കാന്‍ ലീഗിന് വേണമെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമായിരുന്നു. എന്നാല്‍ അതിന് തയ്യാറാവാതെ അവരും മാറി നിന്നു. അതേ സമയം ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഡമ്മിയായി നിന്ന ആള്‍ ഡമ്മി പത്രിക പിന്‍വലിക്കാതെ ബിജെപിക്കൊപ്പം മത്സരത്തില്‍ ഉറച്ചു നില്‍ക്കുന്നു. ലീഗിന്റെ കുത്തക വാര്‍ഡായ കൊടിയമ്മയില്‍ ലീഗിനോട് നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്വതന്ത്രനായി രംഗത്തു നിലയുറപ്പിച്ചു. മുന്നണികളും ഘടകകക്ഷികളും വേണ്ടത്രയുണ്ടെങ്കിലും ബിജെപിയും ലീഗും തമ്മിലാണ് തിരഞ്ഞെടുപ്പിലെ ശക്തമായ പോരാട്ടം. മത്സരിച്ചു മത്സരിച്ചു വടക്കന്‍ ജില്ലയിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന്റെ ശേഷി കുറഞ്ഞു. കോണ്‍ഗ്രസ് നേതാക്കന്മാരും ആ അവസ്ഥയിലായിട്ടുണ്ടെന്ന് വോട്ടര്‍മാര്‍ പറയുന്നു. ബിജെപി നിലവിലുള്ള ശക്തി നിലനിര്‍ത്തുന്നു. സിപിഎമ്മിന്റെ അവസ്ഥയും ഏതാണ്ട് ഇതേ രീതിയിലാണെന്നാണ് വോട്ടര്‍മാരുടെ അഭിപ്രായം. അതേ സമയം എസ്ഡിപിഐ ആര്‍ജ്ജിതവീര്യത്തോടെ രംഗത്തുണ്ട്. ഇത്തവണ വിചിത്രമായ മത്സരം നടക്കുന്ന 21ാം വാര്‍ഡായ ശാന്തിപ്പള്ളയില്‍ എല്ലാ പ്രാവശ്യവും മത്സരിച്ചു തോറ്റു പാരമ്പര്യമുണ്ടെങ്കിലും തുടര്‍ച്ചയായ തോല്‍വിയില്‍ സ്വയം അപമാനിതരായ കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ മാറി നിന്നു. മറ്റു പാര്‍ട്ടികളുടെ മത്സരം കാണുകയാണ്. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തങ്ങള്‍ക്കും വേണ്ടെന്ന നിലപാട് ഘടകകക്ഷിയായ ലീഗ് കൂടി എടുത്തതോടെ ആ വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയേ ഇല്ലാതായി. അതേ സമയം ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതുമില്ല. മത്സരരംഗത്ത് ഈ സ്ഥാനാര്‍ത്ഥി സജീവമായിട്ടുണ്ടെന്ന് പറയുന്നു. സിപിഎമ്മിനെ സഹായിക്കാനാണ് ബിജെപിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎം അംഗത്തെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാക്കിയത് ബിജെപിയുടെ വോട്ട് കൊണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. ആ സ്ഥാനാര്‍ത്ഥിയുടെ മകളാണ് ഇപ്പോഴത്തെ സിപിഎം സ്ഥാനാര്‍ത്ഥിയെന്നും വലത് മുന്നണി പറയുന്നു. ബിജെപിയുടെ വോട്ട് പിളര്‍ത്തി എല്‍ഡിഎഫിനെ സഹായിക്കാനാണ് ഈ മത്സരമെന്നാണ് യുഡിഎഫിന്റെ വിശദീകരണം മുളിയടുക്കം വാര്‍ഡ് യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഈ വാര്‍ഡില്‍ ലീഗിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ സബൂറ സ്വതന്ത്രയായി മത്സരിക്കുന്നു. ഇടത്-ബിജെപി സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡിലുണ്ടെങ്കിലും പ്രധാനമത്സരം ലീഗും കോണ്‍ഗ്രസും തമ്മിലാണ്. ഈ വാര്‍ഡിലെ മത്സരത്തിന്റെ അലയൊലി 18ാം വാര്‍ഡിലും പ്രകടമായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥിരം വിജയ സീറ്റായിരുന്ന ബത്തേരി വിഭജിച്ച് രൂപീകരിച്ച റെയില്‍വെ സ്റ്റേഷന് വാര്‍ഡ് ലീഗ് സ്വന്തമാക്കി സ്വയം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവത്രെ. അതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ ഭാര്യയും ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നു. മത്സരത്തിന്റെ ഈ നൂതന രീതി എസ്ഡിപിഐക്ക് വിജയസാധ്യത വര്‍ധിപ്പിക്കുന്നു.
അതേസമയം ലീഗ് അടിത്തറ ശക്തമായ കൊടിയമ്മയില്‍ ഇടത് -ബി ജെ പി സ്ഥാനാര്‍ത്ഥികളെ കടത്തി വെട്ടിയുള്ള പ്രചരണത്തിലാണ് ലീഗ്- ലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. 25 വാര്‍ഡില്‍ എവിടെയെങ്കിലു ഒഒരിടത്ത് കോണ്‍ഗ്രസ് വവിജയിക്കുകയും യു ഡി എഫിനും ഭൂരിപക്ഷം കിട്ടുകയും ചെയ്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് അരയും തലയും മുറുക്കി കോണ്‍ഗ്രസ് ഇവിടെ രംഗത്തിറങ്ങാറുണ്ടെന്നു പറയുന്നു. ആ ഭീഷണി എന്നെന്നേക്കുമായി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പല വാര്‍ഡുകളിലും മുന്നണി ഘടകകക്ഷികളുടെ പരസ്പര മത്സരമെന്നു മുന്നമണി വിരുദ്ധര്‍ പ്രചരിപ്പിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page