കാസര്‍കോട്: പുല്ലൂര്‍, കൊടവലത്ത് കിണറില്‍ വീണ് വനം വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തിയ പുലിയെ സുരക്ഷിതമായി തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ പ്രത്യേക വാഹനത്തില്‍ കൊണ്ടുപോയ പുലിയെ ബുധനാഴ്ചയാണ് മൃഗശാലയില്‍ എത്തിച്ചത്. യാത്ര തിരിക്കും മുമ്പ് കാസര്‍കോട് ജില്ലയെ സൂചിപ്പിക്കുന്നതിന് ‘കാസ്‌ട്രോ’ എന്നാണ് അധികൃതര്‍ പുലിക്ക് പേര് നല്‍കിയത്. കിണറ്റില്‍ നിന്നു രക്ഷപ്പെടുത്തിയ സമയത്ത് പെണ്‍പുലി എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച നടത്തിയ വിശദമായ പരിശോധനയിലാണ് ആണ്‍പുലിയാണെന്നും ഒന്നര വയസ് പ്രായമുള്ളതായും സ്ഥിരീകരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് പുല്ലൂര്‍ കൊടവലത്തെ നീരളംകയയിലെ മധുവിന്റെ വീട്ടുപറമ്പിലെ കിണറില്‍ പുലിയെ വീണ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ വനപാലകര്‍ പുറത്തെടുത്ത പുലിയെ കൂട്ടിലാക്കി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് കോമ്പൗണ്ടിലാണ് താമസിപ്പിച്ചത്. ആദ്യം വനത്തില്‍ തുറന്നു വിടാനായിരുന്നു ആലോചന. എന്നാല്‍ ഇതു പ്രതിഷേധത്തിനു ഇടയാക്കിയേക്കുമെന്ന കാരണത്താലാണ് പുലിയെ തൃശൂര്‍ മൃഗശാലയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. ആദ്യ ദിവസങ്ങളില്‍ മെരുങ്ങാന്‍ കൂട്ടാക്കാതിരുന്ന പുലി ചൊവ്വാഴ്ചയോടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തി. നല്‍കുന്ന ഭക്ഷണം നന്നായി കഴിക്കാനും തുടങ്ങി. ഇതോടെയാണ് ഇന്നലെ രാത്രി തന്നെ പുലിയെ തൃശൂരിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചത്.
മൃഗശാലയില്‍ കാസര്‍കോട്ടെ ‘കൂട്ടുകാരന്‍’ തന്നെയാണ് കാസ്‌ട്രോയ്ക്ക് തൃശൂരിലും കൂട്ട്. 2025 മാര്‍ച്ച് 23ന് കൊളത്തൂര്‍, നിടുവോട്ടെ ജനാര്‍ദ്ദനന്റെ തോട്ടത്തില്‍ നിന്നു വനപാലകര്‍ കൂടു വച്ചു പിടികൂടിയ ‘റെമോ’ യെന്ന ആണ്‍പുലിയുടെ കൂടിനു സമീപത്താണ് കാസ്‌ട്രോയ്ക്കും മൃഗശാല അധികൃതര്‍ താമസ സ്ഥലം ഒരുക്കിയിട്ടുള്ളത്.







