കാസര്‍കോട്: കര്‍ണാടക ആര്‍.ടി.സി ബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടര്‍ നടത്തിയ അതിക്രമ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെയാണ് കര്‍ണാടക ആര്‍.ടി.സി ബസില്‍ വച്ച് മംഗളൂരുവില്‍ പഠിക്കുന്ന കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം നടന്നത്. പരീക്ഷയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ കയര്‍ത്ത് സംസാരിച്ചു. സംഭവത്തില്‍ ഡ്രൈവറും ഇടപെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് ജീവനക്കാര്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയും വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു. ഉച്ചയോടെ വിദ്യാര്‍ഥിനി മാതാവിനെ കൂട്ടി മഞ്ചേശ്വരം പൊലീസീല്‍ പരാതി നല്‍കി.






