അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര ശിഖരത്തില്‍ കാവി പതാക ഉയര്‍ത്തി. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തിലായിരുന്നു ധ്വജാരോഹണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രാണപ്രതിഷ്ഠ നടത്തിയ രാമക്ഷേത്രത്തിന്റെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കിയാണ് ഇന്ന് ധ്വജാരോഹണം നടത്തിയത്. മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനമാണ് ധ്വജാരോഹണത്തിന് തെരഞ്ഞെടുത്തത്.
10 അടി ഉയരവും 20 അടി നീളവുമുള്ള വലത് കോണുള്ള ത്രികോണാകൃതിയിലുള്ള പതാകയില്‍ ശ്രീരാമന്റെ തേജസ്സും വീര്യവും പ്രതീകപ്പെടുത്തുന്ന ഒരു പ്രഭാപൂരിത സൂര്യന്റെ ചിത്രം ഉണ്ട്. കോവിദാര വൃക്ഷത്തിന്റെ ചിത്രത്തോടൊപ്പം ‘ഓം’ എന്ന അക്ഷരവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും അദ്ദേഹത്തെ സ്വീകരിച്ചു. ഇതിനുശേഷം, ഒരു കിലോമീറ്റര്‍ നീളമുള്ള റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുത്തു. അവിടെ നിരവധി ഭക്തര്‍ അദ്ദേഹത്തെ സ്വീകരിച്ചു. റോഡ് ഷോയ്ക്ക് ശേഷം, പ്രധാനമന്ത്രി സപ്ത മന്ദിരത്തില്‍ എത്തി പ്രാര്‍ത്ഥനകള്‍ നടത്തി. വസിഷ്ഠ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, അഗസ്ത്യ മഹര്‍ഷി, വാല്‍മീകി മഹര്‍ഷി, അഹല്യാ ദേവി, നിഷാദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സപ്തമന്ദിരം.








