കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയത്തിലെ വിയോജിപ്പിനെ തുടര്‍ന്ന് ജയിംസ് പന്തമാക്കല്‍ ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിവച്ചെന്ന് അറിയിച്ച അദ്ദേഹം ദീപദാസ് മുന്‍ഷി രാജിക്കത്ത് പരിഗണിച്ചിട്ടില്ലെന്നും അറിയിച്ചു. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസിസി പ്രസിഡന്റ് പികെ ഫൈസലിനെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് സീറ്റുകള്‍ നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് പദവി മുതലുള്ള സ്ഥാനങ്ങള്‍ക്കും പണം വാങ്ങിയിട്ടുണ്ട്. കെഎം മാണിയുടെ മരുമകന്‍ ജോസഫിന് പികെ ഫൈസല്‍ നല്‍കിയ വണ്ടി ചെക്ക് കേസ് തീര്‍പ്പാക്കുന്നതിനു വേണ്ടിയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള എല്ലാവരില്‍ നിന്നും പണം പിരിച്ചെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഈസ്റ്റ് എളേരിയില്‍ തനിക്കൊപ്പം ഉള്ള ആറു പേര്‍ പത്രിക നല്‍കിയിരുന്നു. ഇവരില്‍ നാല് പേര്‍ക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കുമെന്ന് നേതൃത്വം ഉറപ്പു നല്‍കിയെങ്കിലും ഒരാള്‍ക്ക് മാത്രമാണ് നല്‍കിയത്. ഈ സീറ്റില്‍ വിമത സ്ഥാനാര്‍ഥിയെ കെട്ടിയിറക്കി തോല്‍വി ഉറപ്പാക്കാനും നേതൃത്വം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. എല്‍ഡിഎഫിന് ആറു വാര്‍ഡുകള്‍ ലഭിക്കും വിധം വാര്‍ഡ് വിഭജനം നടത്തുന്നതിന് പാര്‍ട്ടി കൂട്ടുനിന്നു. കഴിഞ്ഞ ദിവസം ഓഫീസില്‍ നടന്ന സംഘര്‍ഷം പി കെ ഫൈസലിന്റെ നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ജയിംസ് രൂപീകരിച്ച ഡി ഡി എഫ് എന്ന സംഘടന മൂന്നുതവണ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ അധികാരമേറ്റിരുന്നു. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയതിനുശേഷമാണ് ജയിംസും സംഘവും പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.







