കാസര്‍കോട്: കര്‍ണാടക ആര്‍.ടി.സി ബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. സ്പര്‍ശിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ വഴിയില്‍ ഇറക്കി വിട്ട് ജീവനക്കാരുടെ ക്രൂരത. ചൊവ്വാഴ്ച രാവിലെ 8.45 ഓടെ ആണ് സംഭവം. ബന്തിയോട് നിന്ന് പരീക്ഷക്കായി മംഗളൂരുവിലെ കോളേജിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനി. ടിക്കറ്റെടുക്കാനെത്തിയ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ സ്പര്‍ശിക്കുകയായിരുന്നു. മോശമായി പെരുമാറിയത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ ശകാരിച്ചു. ഇക്കാര്യം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍, ‘ നീ എന്തുവേണമെങ്കിലും ചെയ്‌തോ, എനിക്ക് ഒരുപ്രശ്‌നവുമില്ലെന്ന്’ കണ്ടക്ടര്‍ വെല്ലുവിളിച്ചെന്ന് വിദ്യാര്‍ഥിനി പറയുന്നു. വാക്കേറ്റം രൂക്ഷമായതോടെ ബസ് ഡ്രൈവറും സംഭവത്തില്‍ ഇടപെട്ടു. പിന്നീട് ബസ് മഞ്ചേശ്വരത്ത് എത്തിയപ്പോള്‍ വഴിയില്‍ ഇറക്കിവിട്ടെന്ന് വിദ്യാര്‍ഥിനി പറയുന്നു. അതേസമയം ഇത്രയും പ്രശ്‌നം ബസില്‍ നടന്നിട്ടും യാത്രക്കാരാരും ഇടപെട്ടില്ലെന്നും 19 കാരി പറയുന്നു. വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനി മാതാവിനൊപ്പം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കണ്ടക്ടറെക്കുറിച്ച് നേരെത്തെയും സമാനമായ പരാതികളുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.






