കാസർകോട്: മരം മുറിക്കുന്ന മെഷീൻ തിരിച്ചു ചോദിച്ചതിൽ നൽകാത്തതിനുള്ള വിരോധത്തിൽ കരിങ്കല്ല് കൊണ്ടു തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. കർണാടക ഷിമോഗ രാജീവ് നഗർ സ്വദേശി വിജയ നായ്ക്കി(50)നെയാണ് കാസർകോട് അഡീഷൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (3) ജഡ്‌ജ് അചിന്ത്യാ രാജ് ഉണ്ണി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം വീതം അധിക തടവ് അനുഭവിക്കണം. ഉപ്പള പോസ്റ്റ് ഓഫീസിന് സമീപത്തെ നാഗരാജ നായക്കിനെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. 2019 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മരം മുറിക്കുന്ന മെഷീൻ തിരിച്ചു ചോദിച്ചതിൽ നൽകാത്തതിലുള്ള വിരോധത്തിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്നു നാഗരാജ നയക്കിനെ തടഞ്ഞു നിർത്തി കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ പി രാഘവൻ ആണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയെ പിന്നീട് ഇൻസ്‌പെക്ടർ പി കെ ധനഞ്ചയബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ വി ദിനേശ് ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ പ്ലീഡർ പി സതീശൻ പി, അഡ്വ.അമ്പിളി ഹാജരായി.






