പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്.
എംഎല്‍എ ഒരു യുവതിയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റും പുതിയ ശബ്ദരേഖയും പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമാണ് പുറത്തുവന്നത്. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്ന ഓഡിയോ സന്ദേശം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ആരോഗ്യ-മാനസിക പ്രശ്നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. ‘ഡോക്ടറെ അറിയാം. അമ്മയ്ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും’ പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിന്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേള്‍ക്കാം. എല്ലാം തീരുമാനിച്ചത് രാഹുല്‍ അല്ലേ എന്നും അവസാന മൊമന്റില്‍ എന്തുകൊണ്ടാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുമ്പോള്‍ രാഹുല്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവരുന്നത്. എന്നാല്‍ ശബ്ദ സന്ദേശങ്ങളായതിനാല്‍ ഇവയുടെ ആധികാരികത വ്യക്തമല്ല.
അന്ന് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതാണോ അതോ ഇരുവരുടെയും സമ്മതമില്ലാതെ മറ്റാരെങ്കിലും ഇത് പുറത്തുവിട്ടതാണോ എന്ന് വ്യക്തമല്ല. വാട്‌സാപ്പിലെ ശബ്ദരേഖ പ്രകാരം ഇതില്‍ പറയുന്ന ആള്‍ യുവതിയോട് ഗുരുതരമായ കുറ്റം ചെയ്തുവെന്ന് വ്യക്തമാണ്. ലൈംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.







