ആലപ്പുഴ: കൈനകരിയിലെ അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂര്‍ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. 2021 ജൂലൈ പത്തിനാണ് പൂക്കൈത ആറില്‍ നിന്ന് ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കേസില്‍ നാലുവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസ് വേഗത്തില്‍ അന്വേഷിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രബീഷ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍.ബി. ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. വിധി പറയാനായി മയക്കുമരുന്നു കേസില്‍ ഒഡിഷയില്‍ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.







