എറണാകുളം: കാസര്‍കോട് ജില്ലയിലെ കുബണൂര്‍, ചെറുവത്തൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. ബേക്കൂര്‍, കുബണൂരിലെ കെ പി അബൂബക്കര്‍ സിദ്ദീഖ് (41)ചെറുവത്തൂര്‍, കോരപറമ്പില്‍ സിദ്ദീഖ് (48), കണ്ണൂര്‍, മാടായി, കിനാക്കുളില്‍ ഷാജിദ് എന്ന സോഡാ ബാബു (47) എന്നിവരെയാണ് പനങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ് അറസ്റ്റു ചെയ്തത്.
സിദ്ദീഖിനെതിരെ കേരളത്തിലും തമിഴ്‌നാട് മേട്ടുപാളയം, നാമക്കല്ല് എന്നിവിടങ്ങളിലുമായി പിടിച്ചുപറി, മോഷണം ഉള്‍പ്പെടെ 25 കേസുകളുണ്ട്. അബൂബക്കര്‍ സിദ്ദീഖിനെതിരെ ലഹരിമരുന്ന് കടത്ത് കേസ്, ചന്ദനകടത്ത് കേസുകളും ഷാജിദിനെതിരെ വാഹന മോഷണം, വാഹനം പൊളിച്ചു വില്‍ക്കല്‍ എന്നീ കേസുകളുണ്ട്.
2023 ജൂലായ് 28ന് നെട്ടൂര്‍ സ്വദേശി അവിന്‍ അശോകന്റെ പുത്തന്‍ സ്വിഫ്റ്റ് കാര്‍ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് സംഘം അറസ്റ്റിലായത്. പുലര്‍ച്ചെ ഒരു മണിക്ക് കാറിന്റെ സെന്‍ട്രല്‍ ലോക്ക് തകര്‍ത്തായിരുന്നു മോഷണം. നോര്‍ത്ത് പരവൂരില്‍ എത്തിച്ച കാര്‍ മലപ്പുറത്തും പിന്നീട് കാസര്‍കോട്ടും എത്തിയിരുന്നുവെന്നു കണ്ടെത്താന്‍ കഴിഞ്ഞുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലും പുറത്തുമുള്ള നിരവധി മോഷ്ടാക്കളെ ചോദ്യം ചെയ്ത് നടത്തിയ നിരന്തരമായ അന്വേഷണമാണ് നിര്‍ണ്ണായകമായത്.
കൊച്ചിയില്‍ നിന്നും മോഷ്ടിച്ച കാര്‍ കേരള- കര്‍ണ്ണാടക അതിര്‍ത്തിയില്‍ വച്ചാണ് പൊളിച്ചു വിറ്റതെന്നു പ്രതികള്‍ മൊഴി നല്‍കി. കാര്‍ വാങ്ങിച്ച ആളെ കുറിച്ചും പൊലീസിനു സൂചനലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് ഉടന്‍ കാസര്‍കോട്ടേക്ക് പോകും.







