കാസർകോട്: പുല്ലൂർ കൊടവലത്തെ വീട്ടുപറമ്പിലെ കുളത്തിൽ വീണ പുലിയെ വനം വകുപ്പ് കൂട്ടിലാക്കി. പുലിയെ വനം വകുപ്പിന്റെ വാഹനത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡി എഫ് ഓ ജോസ് മാത്യു അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് കൊടവലം നീരാളംകയ്യിലെ മധുവിന്റെ വീട്ടുപറമ്പിലെ കുളത്തിൽ പുലിയെ വീണ നിലയിൽ കണ്ടെത്തിയത്. കുളത്തിൽ എന്തോ ശബ്ദം കേട്ട് അന്വേഷിക്കാൻ എത്തിയ മാതാവ് ഉച്ചിരമ്മയാണ് പുലിയെ ആദ്യമായി കണ്ടത്. പൈപ്പിൽ അള്ളിപ്പിടിച്ച് നിലയിലായിരുന്നു പുലി. വിവരമറിഞ്ഞ് വലിയ ജനക്കൂട്ടം കുളത്തിന് സമീപം തടിച്ചുകൂടി. നാട്ടുകാരുടെ വിവരത്തെ തുടർന്ന് വനപാലകർ സ്ഥലത്ത് എത്തി. കണ്ണൂർ ആറളത്തുനിന്ന് വന വകുപ്പ് വെറ്ററിനറി സർജൻ ഡോ. ഇല്യാസ് രാത്രി തന്നെ സ്ഥലത്ത് എത്തി. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർ കെ രാഹുൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ വി സത്യൻ, ആർ ആർ ടി സംഘം ർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇരുമ്പ് കൂട് വടംകെട്ടിയിറക്കി പുലിയെ സുരക്ഷിതമായി കൂട്ടിനുള്ളിലാക്കി. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുലിയെ കൂട്ടിലാക്കാൻ കഴിഞ്ഞത്. രാത്രിയിലും ജനക്കൂട്ടം തടിച്ചു കൂടിയതോടെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. പിന്നീട് വാഹനത്തിൽ നിന്ന് അനൗൺസ്മെന്റ് ചെയ്താണ് ആളുകളെ മാറ്റിയത്. രണ്ടു വയസ്സുള്ള പുലിയാണ് കുളത്തിൽ വീണത്. ചികിത്സ ആവശ്യമെങ്കിൽ ലഭ്യമാക്കിയ ശേഷം ആയിരിക്കും തുടർനടപടികൾ എന്ന് ഡി എഫ് ഒ പറഞ്ഞു.







