തിരുവനന്തപരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതിശക്തമായ മഴയാണ് പ്രവചിച്ചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം 04.00 മണിയ്ക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും.







